CM Pinarayi Vijayan | വികസന പദ്ധതികളിൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പ് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന്റെ താത്പര്യം നടപ്പാക്കുക എന്നതു ദൗത്യമായി ഏറ്റെടുക്കുമ്പോൾ അനാവശ്യമായി എതിർപ്പുന്നയിക്കുന്നവർക്കു മുന്നിൽ വഴങ്ങിക്കൊടുക്കുന്നത് സർക്കാരിന്റെ ധർമമല്ല എന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. ആ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 08:51 PM IST
  • ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വലിയ എതിർപ്പാണുണ്ടായത്
  • എന്നാൽ കഴിഞ്ഞ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി നടപ്പാക്കുന്നതിൽ സജീവ ഇടപെടൽ നടത്തി
  • ഇപ്പോൾ തലപ്പാടി മുതലുള്ള ഓരോ റീച്ചും ടെൻഡർ ചെയ്തുവരികയാണ്
  • സ്ഥലമേറ്റെടുപ്പിന് ഏറ്റവും കടുത്ത എതിർപ്പുണ്ടായ ജില്ലയിൽപ്പോലും കാര്യങ്ങൾ സുഗമമായി നടന്നു
CM Pinarayi Vijayan | വികസന പദ്ധതികളിൽ നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പ് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾ വരുമ്പോൾ ചിലർ ശക്തമായ എതിർപ്പുമായി മുന്നോട്ടുവരുന്ന നിർഭാഗ്യകരമായ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വികസന പദ്ധതികളിലൂടെ പശ്ചാത്തല വികസനം സാധ്യമാക്കി ജനങ്ങളുടെ ജീവിത സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. നാടിന്റെ സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരത്തിലും പുരോഗതിയുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരിക്കുന്ന സർക്കാർ അതിന്റെ ധർമം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് അർഥം.

ALSO READ: Silverline project | വൻ വാ​ഗ്ദാനങ്ങളുമായി സിൽവർലൈൻ പദ്ധതിയിലെ പുനരധിവാസ പാക്കേജ്; നഷ്ടപരിഹാര തുകയുടെ വിശദവിവരങ്ങൾ

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കി നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കണം. വികസന കാര്യങ്ങളെ എതിർക്കാനും നാടിന്റെ താത്പര്യത്തിനു വിരുദ്ധമായി പ്രവർത്തിക്കാനും ചില ശക്തികൾ മുന്നോട്ടുവന്നാൽ അതിനു വഴിപ്പെടേണ്ടതില്ല. അതു നാടിന്റെ താത്പര്യം ബലികഴിക്കലാണ്. നാടിന്റെ താത്പര്യം നടപ്പാക്കുക എന്നതു ദൗത്യമായി ഏറ്റെടുക്കുമ്പോൾ അനാവശ്യമായി എതിർപ്പുന്നയിക്കുന്നവർക്കു മുന്നിൽ വഴങ്ങിക്കൊടുക്കുന്നത് സർക്കാരിന്റെ ധർമമല്ല എന്ന നിലപാടാണ് കഴിഞ്ഞ സർക്കാർ സ്വീകരിച്ചത്. ആ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വലിയ എതിർപ്പാണുണ്ടായത്. എന്നാൽ കഴിഞ്ഞ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി നടപ്പാക്കുന്നതിൽ സജീവ ഇടപെടൽ നടത്തി. അതോടെ കാര്യങ്ങൾ നടന്നു. ഇപ്പോൾ തലപ്പാടി മുതലുള്ള ഓരോ റീച്ചും ടെൻഡർ ചെയ്തുവരികയാണ്. സ്ഥലമേറ്റെടുപ്പിന് ഏറ്റവും കടുത്ത എതിർപ്പുണ്ടായ ജില്ലയിൽപ്പോലും കാര്യങ്ങൾ സുഗമമായി നടന്നു. പദ്ധതി നടപ്പാക്കുമ്പോൾ ആളുകളെ ഉപദ്രവിക്കലല്ല, പ്രയാസസം അനുഭവിക്കേണ്ടി വരുന്നവർക്കൊപ്പം നിന്ന് അവരെ സഹായിക്കാൻ കഴിയണം.

ALSO READ: Silver Line| എന്താണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതികൾ? ഇവ കൊണ്ട് കേരളത്തിന് എന്താണ് ഗുണം?

ഗെയിൽ പൈപ്പ് ലൈൻ കേരളത്തിൽ നടക്കില്ലെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് പോലും കണക്കാക്കി. ദശാബ്ദങ്ങളുടെ പഴക്കമുള്ള പദ്ധതിയായിരുന്നു അത്. കഴിഞ്ഞ സർക്കാരിന്റെ മികച്ച ഇടപെടലുകളിലൂടെ പദ്ധതി പൂർത്തിയായി. എതിർപ്പുന്നയിച്ചവർക്ക് തങ്ങളുടെ വാദങ്ങളിൽ കഴമ്പൊന്നുമില്ലെന്ന് പിന്നീട് മനസിലായി. പുനരധിവാസ പ്രവർത്തനങ്ങളിൽ ആളുകൾ തൃപ്തരായിരുന്നു. ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുമെന്നും മനസിലായി. കൂടംകുളം വൈദ്യുതി ലൈൻ പദ്ധതിയുടെ ഭാഗമായി കുറച്ചു മരങ്ങൾ മുറിക്കേണ്ട സാഹചര്യം വന്നപ്പോഴും വലിയ എതിർപ്പുണ്ടായി. പ്രവൃത്തികൾ അവസാനിപ്പിച്ചു പവർഗ്രിഡ് കോർപ്പറേഷന് മടങ്ങേണ്ടിവന്നു. 2016ലെ സർക്കാർ വന്നശേഷം പദ്ധതി പൂർത്തീകരണം സാധ്യമാക്കി.

തീരദേശ, മലയോര ഹൈവേ പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ പല മേഖലകളിലും വലിയ മാറ്റമുണ്ടായി. ബജറ്റിന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കാനുള്ള ധനശേഷിക്കുറവ് പരിഹരിക്കാൻ ബജറ്റിന് പുറത്ത് പണം കണ്ടെത്താനായി കിഫ്ബി പുനരുജ്ജീവിപ്പിച്ചു. 50,000 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കാനിരുന്ന സ്ഥാനത്ത് 62,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: Silver line project | സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം

നാടിന്റെ പല മേഖലകളുടേയും മുഖഛായതന്നെ മാറ്റി. 2016-ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇതല്ലായിരുന്നു കേരളത്തിന്റെ സ്ഥിതി. സാധാരണഗതിയിൽ നടക്കേണ്ട കാര്യങ്ങൾപോലും നാട്ടിൽ നടക്കിലെന്ന പൊതുബോധ്യമാണ് ആളുകളിലുണ്ടായിരുന്നത്. അതിന്റേതായ നിരാശ എല്ലാവരേയും ബാധിച്ചിരുന്നു. ഒന്നും നടക്കില്ലെന്നും ഇങ്ങനെയായിപ്പോയെന്നുമുള്ള ശാപവാക്കുകളായിരുന്നു എല്ലായിടത്തും. ഇതിൽനിന്നെല്ലാം വലിയ മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞത് വികസന പദ്ധതികൾ ജനോപകാരപ്രദമായി നടപ്പാക്കുമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News