തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. അതിർത്തി അടയാളപ്പെടുത്തി കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ അതിർത്തി അടയാളപ്പെടുത്തി കല്ലിട്ടത്.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ALSO READ: കെ റെയിൽ അശാസ്ത്രീയം; വന്ദേഭാരത് ട്രെയിനിന്റെ സാധ്യത തേടണമെന്ന് വിഡി സതീശൻ
സിൽവർ ലൈൻ പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷം പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. എന്ത് വിലകൊടുത്തും പദ്ധതിയെ എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കുന്നത്. ബിജെപിയും പദ്ധതിക്കെതിരെ ശക്തമായി രംഗത്തെത്തി. എന്നാൽ വികസനത്തെ എതിർക്കുന്നവരാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
കെ റെയിൽ പദ്ധതിക്ക് ചെലവ് എത്ര ഉയർന്നാലും അത് നടപ്പിലാക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പദ്ധതിയുടെ ചെലവ് 84,000 കോടി കവിയുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ റെയിൽ പദ്ധതി വി എസ് സര്‍ക്കാരിന്‍റെ കാലത്ത് തയാറാക്കിയ പദ്ധതിയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
ALSO READ: കെ റെയിലിന് ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്ക്- വടക്ക് വന്‍മതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയത്. 1.33 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. 2021-ല്‍ ഇത് ഒന്നര ലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതെല്ലാം കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്നും കെ റെയിൽ പദ്ധതി സർക്കാരിന്റെ പിടിവാശിയാണെന്നുമായിരുന്നു വിഡി സതീശന്റെ വിമർശനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...