THiruvananthapuram: കോവിഡ് (Covid 19) ബാധിച്ച് മരിച്ച പതിനായിരങ്ങള്‍ക്ക് സുപ്രീം കോടതി (Supreme Court) വിധിയുടെ പശ്ചാത്തലത്തുള്ള ആനുകൂല്യം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ജൂണ്‍ 16- ന് മുന്‍പ് മരിച്ചവരുടെ കണക്ക് പുറത്തുവിടുന്നില്ല. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അതും കോവിഡ് മരണമായി കണക്കാക്കണമെന്ന ഐസിഎംആര്‍ മാര്‍ഗരേഖയും അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള 50000 രൂപയല്ലാതെ പ്രത്യേക ധനസഹായം പ്രഖ്യാപിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല. വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച കോടികള്‍ ഇനിയെങ്കിലും ചെലവഴിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോവിഡ് മരണക്കണക്കുകകള്‍ മറച്ചുവതു മൂലം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ലോകത്ത് ഏറ്റവും കുറവ് രോഗികള്‍ കേരളത്തിലാണെന്നും മരണ നിരക്ക് ഇവിടെ വളരെ കുറവെന്നുമാണ് സര്‍ക്കാര്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. മരിച്ചവരില്‍ ആയിരക്കണക്കിന് പേരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ മരണക്കണക്കല്ല പുറത്തുവിടുന്നതെന്ന് ജൂണ്‍ രണ്ടിന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചക്ക വീണ് മരിച്ചവരുടെയും പേര് കേവിഡ് കണക്കില്‍ ഉള്‍പ്പെടുത്തണമോയെന്നായിരുന്നു മന്ത്രിയുടെ മറു ചോദ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും നയം മാറ്റി. എന്നാല്‍ ജൂണ്‍ 16 വരെ മരിച്ചവരുടെ കണക്ക് ആരുടെ കൈയിലാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: ഇരുചക്ര വാഹനങ്ങളിൽ കുട ചൂടി യാത്ര ചെയ്യുന്നത് ശിക്ഷാർഹം; ഉത്തരവ് പുറത്തിറക്കി Transport Commissioner
ജില്ലകളിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ഡി.എം.ഒമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്തിനാണ് ഈ മരണങ്ങള്‍ മറച്ചു വയ്ക്കുന്നത്? മേനി നടിക്കാന്‍, കേരളത്തിലാണ് ഏറ്റവും കുറവ് മരണമെന്നു പറയാന്‍. ജൂണ്‍ 16 വരെ ഉള്ള മരണം പുറത്തു വിടാത്തത് സ്വകാര്യത സംരക്ഷിക്കാനെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജൂണ്‍ 16-ന് മുന്‍പ് മരിച്ചവര്‍ക്ക് മാത്രം മതിയോ സ്വകാര്യത? ജൂണ്‍ 16-ന് മുന്‍പ് മരിച്ചവരുടെ കണക്ക് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല.
കേരളത്തേക്കാള്‍ നന്നായി കോവിഡിനെ പ്രതിരോധിച്ചത് മറ്റു സംസ്ഥാനങ്ങളാണ്. അവര്‍ ഒന്നും ഒളിക്കുന്നില്ല. കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവ് അവസാനിച്ചോ? ഇതേക്കുറിച്ച് വല്ല വിവരവുമുണ്ടോ? ആരോഗ്യവകുപ്പില്‍ ആരാണ് തന്ത്രങ്ങളുണ്ടാക്കുന്നത്? ആരുടെ തന്ത്രമാണ് നടപ്പാക്കുന്നത്? മൂന്നാം തരംഗമുണ്ടെങ്കില്‍ എങ്ങിനെ നേരിടും? ഓക്‌സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
ഓക്‌സിജന്‍ സൗകര്യമുള്ള ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്മശാനങ്ങളില്‍ മറവുചെയ്ത നാലിലൊന്നു പേരുടെ പേരു പോലും പട്ടികയിലില്ല. ഇതൊക്കെ പ്രതിപക്ഷം വിവാദമാക്കാതിരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നു കരുതിയാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ ഓക്ടോബര്‍ പത്തു മുതല്‍ അപേക്ഷിക്കാമെന്നാണ് പറയുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ എങ്ങനെ അപേക്ഷിക്കും. മരിച്ച പലര്‍ക്കും നഷ്ടപരിഹാരം നഷ്ടമാകുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോവിഡാനന്തര ചികിത്സയ്ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ പണം നല്‍കണമെന്ന് ഉത്തരവിട്ടവരാണ് എല്ലാം ഫ്രീയെന്നു പറയുന്നത്. കോവിഡ് ബാധിച്ചാല്‍ വീട്ടിലിരിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ത്യയില്‍ ഉണ്ടാകുന്ന കോവിഡ് മരണങ്ങളില്‍ 60 ശതമാനവും കേരളത്തിലാണെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി വിഷ്ണുനാഥ് പറഞ്ഞു. മരണങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും ചെയ്തില്ല. 30 ശതമാനം ആളുകളും ആശുപത്രിയില്‍ എത്താന്‍ വൈകിയത് കൊണ്ടാണ് മരിച്ചത്്. ദിവസവും നൂറുകണക്കിനാളുകള്‍ മരിക്കുന്ന നിലയിലാണ് കേരളത്തിലെ കോവിഡ് പ്രതിരോധം മുന്നോട്ട് പോകുന്നതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...