കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ പിടികൂടി. പഴകി പുഴുവരിച്ച മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയത്. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നാണ് പഴകിയ മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകി പുഴുവരിച്ച മത്സ്യം കണ്ടെത്തിയത്.
പരിശോധനയിൽ മത്സ്യ വിപണന കേന്ദ്രത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പഴകിയതും മാലിന്യം കലർത്തിയതുമായ മത്സ്യം വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ-ഭക്ഷ്യ സുരക്ഷ വിഭാഗങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.
മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’ സംസ്ഥാനത്ത് തുടരുകയാണ്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി നാലായിരം കിലോയിലധികം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകൾ, ഹാർബറുകൾ, മത്സ്യ വിതരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.
അതേസമയം, ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷന്‍ ജാഗറി' യും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായാണ് 'ഓപ്പറേഷൻ ജാഗറി' ആരംഭിച്ചത്. 'ഓപ്പറേഷന്‍ ജാഗറി'യുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താനാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്.
നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങളിൽ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് 'മറയൂര്‍ ശര്‍ക്കര' എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...