തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നാളെ എൻഫോഴ്സ്മെമെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുധാകരൻ ഇഡിക്കു കത്തു നൽകി.
Also Read: മോൻസൻ മാവുങ്കൽ കേസ്: കെ സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തിരക്കും ബാങ്ക് രേഖകള്‍ ഹാജരാക്കുന്ന കാര്യത്തില്‍ വന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ വ്യക്തമാക്കിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബർ 5നു ശേഷമുള്ള ഏതെങ്കിലും ദിവസം താൻ ഹാജരാകാമെന്നാണ് ഇഡിക്കു നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 22 ന് സുധാകരനെ ഇഡി ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശേഷം ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായി നാളെ അതായത് ആഗസ്റ്റ് 30 ന് വീണ്ടും ഹാജരാവാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
Also Read: പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം, മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം, കൂട്ടുകച്ചവടക്കാർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങൾ ഇഡി സുധാകരനോട് ചോദിച്ചിരുന്നു. സുധാകരന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ൽ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടയിൽ മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളി. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനിടയിൽ ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...