പോത്തുകല്ല് മുണ്ടേരിയിലെ തണ്ടൻകല്ല് ആദിവാസിക്കോളനിയിലും മുണ്ടേരിയിലെത്തന്നെ സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിലെ മൂന്ന് തൊഴിലാളികൾക്കരികിലും ചൊവ്വാഴ്ച രാത്രി മാവോവാദികളെത്തി ലഘുലേഖകൾ വിതരണംചെയ്തു.
രാത്രി എട്ടരയോടെയാണ് മുണ്ടേരി ഫാമിനുള്ളിലെ വനത്തോട് അതിരുപങ്കിടുന്ന തണ്ടൻകല്ല് ആദിവാസിക്കോളനിയിൽ നാലംഗ മാവോവാദികളെത്തിയത്. ആദിവാസികളെ വിളിച്ചുകൂട്ടി അവർക്ക് ലഘുലേഖകൾ വിതരണംചെയ്തു. ആദിവാസികളോട് ഫാമിൽ തൊഴിലുണ്ടോ എന്നും വീടുകളുണ്ടോ എന്നും മാവോയിസ്റ്റുകള്‍ ചോദിച്ചറിഞ്ഞു.
തുടർന്ന് രാത്രി ഒരുമണിയോടെയാണ് ഫാമിലെ തലപ്പാലി നാലാംബ്ലോക്കിൽ കാട്ടാനയ്ക്ക് കാവൽജോലി ചെയ്തിരുന്ന ശ്രീനിവാസൻ, രാധാകൃഷ്ണൻ, സുരേഷ്ബാബു എന്നിവരുടെയരികിലെത്തി.
കാട്ടാനയെ ഓടിക്കാൻ ഞങ്ങളും കൂടാം എന്ന മുഖവുരയോടെയാണ് ഒരു സ്ത്രീയുൾപ്പെടുന്ന നാലംഗസംഘം എത്തിയത്. അവർ മുഖംമറച്ചിരുന്നതായി തൊഴിലാളികൾ പറഞ്ഞു. അവരുടെ പക്കല്‍ ആയുധം ഉണ്ടായിരുന്നെന്നും പറയുന്നു.
ഒരിടത്ത് വിളക്കുതെളിച്ചുവെച്ച് മറ്റൊരു ഷെഡിൽ വിളക്കുകത്തിക്കാതെ കാത്തിരിക്കുകയായിരുന്നു തൊഴിലാളികൾ. ഇവർക്കും ലഘുലേഖകൾ വിതരണംചെയ്തു.രാവിലെ പോത്തുകൽ പോലീസ്, തണ്ടർബോൾട്ട് എന്നവരെത്തി തെളിവെടുപ്പ് നടത്തി. മാവോവാദി സോമനും സംഘവുമാണോ വന്നതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.നാടുകാണി ദളത്തിലെ 7 പേരടങ്ങുന്ന സംഘമാണ് കോളനിയില്‍ എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവര്‍ക്കായി തണ്ടര്‍ ബോള്‍ട്ട് വനത്തില്‍ തിരച്ചില്‍ ആരഭിച്ചിട്ടുണ്ട് .