ആലപ്പുഴ: എസ്‍എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസ് അന്വേഷണം മരവിപ്പിച്ച് പോലീസ്. കേസിൽ പോലീസ് നിയമോപദേശം തേടും. ഒരേ കേസില്‍ രണ്ട് എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്‍നം മൂലമാണ് പോലീസ് നിയമോപദേശം തേടിയത്. ഇത് ലഭിച്ച ശേഷം മാത്രമെ അന്വേഷണത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കു എന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ പറഞ്ഞു.
ഒന്നാം പ്രതിയാക്കി കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. കേസ് എസ്എൻഡിപി നേതൃത്വത്തിലേക്ക് താൻ വരാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഫലമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മൈക്രോ ഫൈനാൻസ് പദ്ധതിയിൽ തട്ടിപ്പുകൾ നടത്തിയ മഹേശൻ കേസിൽ അകപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൂടാതെ കേസ് എടുത്തിരിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു . തന്നെയും മകനെയും എസ്എൻഡിപി നേതൃത്വത്തിൽ നിന്ന് മാറ്റുക എന്ന ഗൂഢ ഉദ്ദേശത്തോട് കൂടിയാണ് ഈ പരാതി നൽകിയതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തുറന്ന് പ്രതികൾ മരിച്ച കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചത്. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.