സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല. മന്ത്രിമാർ സ്ഥലത്തില്ലാത്തതിനെ തുടർന്നാണ് ഓർഡനൻസ് അയക്കാൻ വൈകുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ രണ്ട് ദിവസം മുമ്പ് തന്നെ ഓർഡിനൻസ് പാസാക്കിയിരുന്നു. എന്നാൽ ചില മന്ത്രിമാരുടെ ഒപ്പുകൾ ലഭിക്കാനുണ്ടെന്നാണ് ഓർഡിൻസൻസ് അയക്കുന്നത് വൈകാൻ കാരണമായി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് രാജ്ഭവനിലേക്ക് ഓർഡിനൻസ് അയക്കുന്നത്. വൈകാതെ തന്നെ രാജ്ഭവനിലേക്ക് ഓർഡിനൻസ് അയക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗവർണർക്ക് പകരം അക്കാദമിക് രംഗത്തെ പ്രഗത്ഭരെ 14 സർവകലശാലകളുടെ ചാൻസലറായി നിയമിക്കാനാണ് ഓർഡിനൻസ്. നവംബർ 9 ന് ചേർന്ന് മന്ത്രിസഭയോഗത്തിലാണ് ഓർഡിനൻസ് പാസാക്കിയത്. ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടാൽ മാത്രമെ ബിൽ ആയി മാറു. ഗവർണർ ഓർഡിനൻസ് ഒപ്പിടാതെ നീട്ടി വെക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് സർക്കാറിന്റെ തീരുമാനം.
സംസ്ഥാനത്തെ നിയമ സർവകലാശാല ഒഴികെ 15 യൂണിവേഴ്സിറ്റിയുടെ ചാൻസലർ ഗവർണറാണ്. 15ൽ 14 സർവകലാശാലകളെ മൂന്നായി തിരിച്ച് ചാൻസലർമാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, സംസ്കൃതം, മലയാളം തുടങ്ങിയ യൂണിവേഴ്സിറ്റികൾക്കെല്ലാം ഒരു ചാൻസലർ. കെടിയു, കുസാറ്റ്, ഡിജിറ്റൽ തുടങ്ങിയ സാങ്കേതിക സർവകലാശാലകൾക്ക് മറ്റൊരു ചാൻസലർ. അത്തരത്തിൽ ആരോഗ്യം, ഫിഷറീസ് യൂണിവേഴ്സിറ്റികൾക്ക് വേറെരു ചാൻസലർ എന്നിങ്ങിനെയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...