ഏതൊരു യാത്രികനും കൊതിക്കുന്ന ചില സ്ഥലങ്ങളുണ്ട്... കുറച്ചു കാടും ഒരു വെള്ളച്ചാട്ടവും പിന്നെ പ്രകൃതിമനോഹരമായ കുറേ കാഴ്ചകളും ഒക്കെയുള്ള സ്ഥലം. നമ്മുടെ കൊച്ചുകേരളത്തിൽ ഇതുപോലെയുള്ള സ്ഥലങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതിൽത്തന്നെ അടിപൊളി എന്നു പറയുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്, അതാണ് കല്ലാർ മീൻമുട്ടി...
കല്ലാർ എന്നത് പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും ഈ നാടിനു യോജിക്കില്ലയെന്ന്..! ഉരുണ്ടും പരനും കിടക്കുന്ന കല്ലുകളാൽ നിറഞ്ഞ നദിയാണ് കല്ലാർ.
തലസ്ഥാന നഗരിയുടെ തിരക്കിൽ നിന്നും അകന്ന് ഏറെ ആശ്വസം പകരുന്ന, മനസിനും ശരീരത്തിനും കുളിർമയേകുന്ന കാഴ്ചകളാണ് കല്ലാറും മീൻമുട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
തിരുവനന്തപുരം സിറ്റി സെന്‍ററിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്നും കല്ലാറിലെത്തുവാൻ ഏകദേശം ഒന്നര മണിക്കൂർ സമയം സഞ്ചരിക്കണം. പൊൻമുടിപ്പാതയിൽ കല്ലാർ പാലത്തിൽ നിന്ന് രണ്ട് കിലോ മീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാൽ മീൻമുട്ടിയിലെത്താം.
യാത്ര തുടങ്ങി പകുതി ദൂരം വാഹനത്തിൽ സഞ്ചരിച്ചാൽ പിന്നീട് കാൽ നടയാത്രയാണ്. സസ്യജന്തു ജാലങ്ങളെ കണ്ട്, അവയെ അടുത്തറിഞ്ഞ് കാടിനെ മനസിലാക്കി മനസ്സും ശരീരവും ശുദ്ധമാക്കി വളരെ രസകരമായ ഒരു യത്ര.... വനനിബിഢമായ ഈ പ്രദേശത്ത് അപൂർവയിനം ഔഷധ സസ്യങ്ങളും പക്ഷികളും ധാരാളമുണ്ട്. ചെമ്മുഞ്ചിമൊട്ടയിൽ നിന്ന് പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന കുളിർ ജലത്തിൽ കുളിക്കാനാണ് മിക്ക സഞ്ചാരികളും എത്തുന്നത്.
ഈറക്കാടുകള്‍ക്കിടയിലൂടെ, വളഞ്ഞു തിരിഞ്ഞുപോകുന്ന കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴിയിലൂടെ, മലയിറങ്ങി വരുന്ന തണുത്ത കാറ്റുമേറ്റ്, വനമരങ്ങളുടെ കൂറ്റന്‍ വേരുകളില്‍ ചവിട്ടി വേണം യാത്ര തുടരാൻ. വഴിയില്‍ തന്നെ ഒരു കൂറ്റന്‍ ഗുഹാമുഖമുണ്ട്. ആകാശത്തെ മറച്ച് നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറ. അരികിലൂടെ ചെറിയ വഴി. തെന്നിപ്പോകാതിരിയ്ക്കാനായി മരത്തടികള്‍ കൂട്ടിയോജിപ്പിച്ച് പാറക്കഷണങ്ങള്‍ക്ക് മുകളിലായി വച്ചിരിയ്ക്കുന്നു.വീണ്ടും യാത്ര തുടർന്ന് മുകളിലെത്തുമ്പോൾ മീൻമുട്ടി വെള്ളച്ചാട്ടം കാണാം. പാറയിടുക്കിലൂടെ വഴി കണ്ടെത്തിവരുന്ന കല്ലാർ പുഴ. മുകളിൽ ഒരു വാച്ച് ടവർ ഉണ്ട് അവിടെ നിന്നാണ് ഇപ്പോൾ ശാന്തമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാൻ സാധിക്കുക.
വർഷത്തിൽ ഏത് സമയവും കല്ലാർ-മീൻമുട്ടി യാത്ര നടത്താം എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ മാസം വരെയാണ് ഏറ്റവും അനുയോജ്യം.