കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയിൽ എൽഡിഎഫ് കൺവീനർ കൂടിയായ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് ചർച്ചയാവുന്നു. കാസർകോട്ട് തുടക്കമിട്ട ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കണ്ണൂരിലുണ്ടായിട്ട് കൂടി ജയരാജൻ ഉദ്ഘാടനത്തിന് എത്തിയില്ലന്നതാണ് ശ്രദ്ധേയം.
കണ്ണൂരിലേക്ക് ജാഥ എത്തിയിട്ടും എൽ.ഡി.എഫ്. കൺവീനർകൂടിയായ ഇ.പി. പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. ഇത് കണ്ണൂരിലും ആവർത്തിക്കപ്പെട്ടതോടെ പാർട്ടിക്കുള്ളിൽ ഇപിക്കെതിരെയുണ്ടായ ആരോപണങ്ങളെ പറ്റിയായി അണികളുടെ അടക്കം പറച്ചിൽ. ജാഥയിൽ എം.വി. ജയരാജനും പി. ജയരാജനും ഉൾപ്പടെയുള്ള നേതാക്കൾ സജീവമായി പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനകമ്മിറ്റിയംഗം കൂടിയായ പി. ജയരാജന്റെ പരാതിയിലെ റിസോർട്ട് വിവാദം ഇ.പി.ക്ക് വലിയ തിരിച്ചടിയാണ് പാർട്ടിക്കുള്ളിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും ഉണ്ടായത്. ഒരിക്കൽ കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും വന്നതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജന്റെ പക്ഷം. അത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടും നടന്നില്ല. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടിലാണ് വിവാദമായ ആയുർവേദ റിസോർട്ട് സ്ഥിതിചെയ്യുന്നതെന്നതും പ്രധാന കാര്യമാണ്.
എന്നാൽ വരുന്ന ദിവസങ്ങളിൽ ഇപി ജാഥയുടെ ഭാഗമാകുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ എംവി ഗോവിന്ദൻ വ്യക്തമാക്കുന്നത്. ഇപിക്ക് അങ്ങിനെ ജാഥയിൽ നിന്നും വിട്ട് നിൽക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...