Vande Bharat: വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍-വെജ് ആക്കുന്ന വന്ദേഭാരത് മാജിക്! റെയില്‍വേയുടെ മാപ്പും, അരലക്ഷം പിഴയും- വീഡിയോ

Vande Bharat Express: തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിൽ ആയിരുന്നു സംഭവം നടന്നത്. ഭക്ഷണം മാറ്റി നൽകാം എന്ന് പറഞ്ഞെങ്കിലും യാത്രക്കാരൻ അത് നിരസിച്ചു എന്നാണ് റിപ്പോർട്ടുകൾ

Written by - Zee Malayalam News Desk | Last Updated : Nov 18, 2024, 11:39 AM IST
  • നവംബർ 16 ശനിയാഴ്ചയായിരുന്നു ഇത്തരമൊരു സംഭവം നടന്നത്
  • യാത്രക്കാരനോട് റെയിൽവേ മാപ്പ് അപേക്ഷിച്ചു
  • ഭക്ഷണം തയ്യാറാക്കിയ ഏജൻസിയ്ക്ക് 50000 രൂപ പിഴയും വിധിച്ചു
Vande Bharat: വെജിറ്റേറിയന്‍ ഭക്ഷണം നോണ്‍-വെജ് ആക്കുന്ന വന്ദേഭാരത് മാജിക്! റെയില്‍വേയുടെ മാപ്പും, അരലക്ഷം പിഴയും- വീഡിയോ

ചെന്നൈ: നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരല്‍പം വെജിറ്റേറിയന്‍ ഭക്ഷണം അകത്ത് ചെന്നാലും കുഴപ്പമൊന്നും ഉണ്ടാവില്ല. അല്ലെങ്കിലും പൂര്‍ണമായും നോണ്‍ വെജിറ്റേറിയന്‍ ആയിരിക്കുക എന്നത് അത്ര സാധ്യമായിട്ടുള്ള കാര്യമല്ലല്ലോ. എന്നാല്‍ വെജിറ്റേറിയന്‍സിന്റെ കാര്യം അങ്ങനെ അല്ലല്ലോ, അവര്‍ക്ക് സമ്പൂര്‍ണ്‍ വെജിറ്റേറിയന്‍സ് ആയി ഇരിക്കാന്‍ പറ്റും എന്ന് മാത്രമല്ല, മിക്കവരും അങ്ങനെ തന്നെ ജീവിതം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ് പതിവ്.

അങ്ങനെയുള്ള വെജിറ്റേറിയന്‍സിന് ഭക്ഷണത്തില്‍ 'നോണ്‍-വെജ്' കണ്ടാല്‍ എന്തായിരിക്കും തോന്നുക. കൃത്യമായി വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്, അതില്‍ നോണ്‍ വെജ് കണ്ടാലോ? അതാണ് കഴിഞ്ഞ ദിവസം വന്ദേഭാരത് എക്‌സ്പ്രസില്‍ സംഭവിച്ചത്.

നവംബര്‍ 16 ശനിയാഴ്ച തിരുനെല്‍വേലി വന്ദേഭാരത് എക്‌സ്പ്രസില്‍ ആയിരുന്നു സംഭവം. പ്രഭാത ഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാര്‍ ആയിരുന്നു പ്രശ്‌നക്കാരന്‍. രാവിലെ ഭക്ഷണം കഴിക്കാന്‍ നോക്കിയാല്‍ സാമ്പാറില്‍ പ്രാണികളെ കണ്ടെത്തി. വെജിറ്റേറിയന്‍ ആയാലും നോണ്‍ വെജിറ്റേറിയന്‍ ആയാലും ഭക്ഷണത്തില്‍ പ്രാണികളെ കണ്ടാല്‍ പിന്നെ എന്ത് ചെയ്യാനാണ്. ഉടന്‍ തന്നെ യാത്രക്കാരന്‍ റെയില്‍വേയെ പരാതി അറിയിച്ചു.

മുമ്പത്തെ പോലെ ഒന്നും അല്ല ഇപ്പോള്‍ റെയില്‍വേയിലെ കാര്യങ്ങള്‍. പരാതി കിട്ടിയാല്‍ ഉടന്‍ തന്നെ നടപടിയൊക്കെ ഉണ്ടാകും. പരിശോധനയും അന്വേഷണവും ഒക്കെ നടന്നു. ഭക്ഷണത്തില്‍ പ്രശ്‌നമുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. എന്തായാലും സാമ്പാറിലെ പ്രാണികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പറപറന്നു. കോണ്‍ഗ്രസ് എംപിയായ മാണിക്യം ടാഗോര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് വീഡിയോ ട്വീറ്റ് ചെയ്യുകയും കൂടി ചെയ്തതോടെ സംഗതി കൂടുതല്‍ ചര്‍ച്ചയായി.

ഒടുവില്‍ റെയില്‍വേ, യാത്രക്കാരനോട് മാപ്പ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സ് നടത്തുന്ന തിരുനെല്‍വേലിയിലെ ബേസ് കിച്ചണില്‍ നിന്ന് വിതരണം ചെയ്ത സാമ്പാറില്‍ ആണ് പ്രാണികളെ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു. ഇവിടെ നടത്തിയ പരിശോധനയില്‍ പാത്രങ്ങളുടെ അടപ്പുകളില്‍ പ്രാണികളെ കണ്ടെത്തുകയും ചെയ്തു. നടപടിയുടെ ഭാഗമായി വൃന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സിന് റെയില്‍വേ അരലക്ഷം രൂപ പിഴ വിധിക്കുയും ചെയ്തിട്ടുണ്ട്.

യാത്രക്കാരന്റെ പരാതി ലഭിച്ച ഉടന്‍ തന്നെ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിച്ചു. മധുരയില്‍ നിന്നാണ് യാത്രക്കാരന്‍ പരാതി നല്‍കിയത്. ഡിണ്ടുഗലില്‍ നിന്ന് പുതിയ ഭക്ഷണം നല്‍കാമെന്ന് റെയില്‍വേ അധികൃതര്‍ വാഗ്ദാനം ചെയ്‌തെങ്കിലും യാത്രക്കാരന്‍ അത് നിരസിക്കുക ആയിരുന്നു എന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News