Soumya Sambasivan: ഇത് എസ്പി സൗമ്യ സാംബശിവൻ; ഹിമാചൽ പ്രളയത്തിൽ ജനങ്ങൾക്ക് തുണയായ മലയാളി പെൺകരുത്ത്

Himachal flood: മാണ്ഡിയിലെ എസ്പിയായ സൗമ്യ സാംബശിവൻ ജനിച്ചത് പാലക്കാട് ജില്ലയിലാണ്. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 12:23 PM IST
  • 2010 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ സൗമ്യ സാംബശിവൻ മലയാളിയാണ്.
  • സൗമ്യയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ എഞ്ചിനീയർ ആയിരുന്നു.
  • കാണാതായവർക്ക് വേണ്ടി ബിയാസ് നദിയുടെ തീരത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്.
Soumya Sambasivan: ഇത് എസ്പി സൗമ്യ സാംബശിവൻ; ഹിമാചൽ പ്രളയത്തിൽ ജനങ്ങൾക്ക് തുണയായ മലയാളി പെൺകരുത്ത്

മാണ്ഡി: പ്രളയം നാശം വിതച്ച ഹിമാചൽ പ്രദേശിൽ ഇപ്പോഴും കാണാതായവർക്ക് വേണ്ടി ബിയാസ് നദിയുടെ തീരത്ത് പോലീസ് തിരച്ചിൽ തുടരുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് ഹിമാചൽ പോലീസ് തിരച്ചിൽ നടത്തുന്നത്. പ്രളയം തകർത്ത ഹിമാചലിലെ കുളുവിലും മാണ്ഡിയിലും രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് രണ്ട് വനിതാ എസ്പിമാരാണ്. കുളു പോലീസ് സൂപ്രണ്ട് സാക്ഷി വർമ്മയും മാണ്ഡി പോലീസ് സൂപ്രണ്ട് സൗമ്യ സാംബശിവനുമാണ് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവ​ഹിച്ചത്. 

പ്രളയത്തിൽ വിറങ്ങലിച്ചു നിന്ന മാണ്ഡിയിൽ പ്രതികൂല കാലാവസ്ഥയെ മറികടന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സൗമ്യയുടെ ചിത്രങ്ങൾ നേരത്ത തന്നെ പുറത്തുവന്നിരുന്നു. പ്രളയ ജലം ഉയരുമ്പോഴും സ്വന്തം വീട് വിട്ടിറങ്ങാൻ തയ്യാറാകാതിരുന്ന ആളുകളെ ഫലപ്രദമായി ഒഴിപ്പിച്ചതിലൂടെയാണ് സൗമ്യ ശ്രദ്ധ നേടിയത്. 2010 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ സൗമ്യ സാംബശിവൻ മലയാളിയാണ് എന്നതിൽ കേരളത്തിന് അഭിമാനിക്കാം.

ALSO READ: ആമസോണിൽ 90000 രൂപയുടെ ക്യാമറ ലെൻസ് ഓര്‍ഡർ ചെയ്തു; കിട്ടിയത് വിത്ത്

പാലക്കാട് ജില്ലയിലാണ് സൗമ്യ സാംബശിവൻ ജനിച്ചത്. സൗമ്യയുടെ പിതാവ് ഇന്ത്യൻ ആർമിയിൽ എഞ്ചിനീയർ ആയിരുന്നതിനാൽ വിവിധ സ്കൂളുകളിലായാണ് സൗമ്യ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോയമ്പത്തൂരിലെ ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ ബയോടെക്‌നോളജിയിൽ ബിരുദവും ഹൈദരാബാദിലെ ഐസിഎഫ്എഐയിൽ മാർക്കറ്റിംഗിലും ഫിനാൻസിലും പിജിഡിബിഎയും പൂർത്തിയാക്കി. പിജിഡിബിഎ നേടിയ ശേഷം ഒരു അന്താരാഷ്ട്ര ബാങ്കിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി മൂന്ന് വർഷത്തോളം സൗമ്യ ജോലി ചെയ്തു.

സൗമ്യ സാംബശിവനും സാക്ഷി വർമ്മയും ഹിമാചൽ പ്രദേശിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളരെ വലിയ പങ്കാണ് വഹിച്ചതെന്ന് എഡിജി (വിജിലൻസ്) സത്വന്ത് അത്വൽ ത്രിവേദി പറഞ്ഞു. പ്രളയബാധിത ജില്ലകളിൽ ഇരുവരും കഠിനാധ്വാനം ചെയ്തു. പുരുഷൻമാരായ ഉദ്യോ​ഗസ്ഥർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്നാണ് ഇവർ പ്രവർത്തിച്ചത്. ഇക്കാര്യങ്ങളിൽ ലിം​ഗ ഭേദമില്ലെന്നാണ് ഇതിലൂടെ അവർ തെളിയിച്ചിരിക്കുന്നത്. ഇപ്പോഴും പുരുഷന്മാർക്ക് തുല്യമായി പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന ധാരണയുണ്ട്. സ്ത്രീയും പുരുഷനും തുല്യരായി കണക്കാക്കുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്നും സേനയിൽ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്ന നിരവധി സ്ത്രീകൾ ഉണ്ടെന്നും സത്വന്ത് അത്വൽ ത്രിവേദി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News