Joshimath Shocking Update: പുണ്യസ്ഥലമായ ബദരീനാഥിലേക്കുള്ള പ്രവേശനകവാടമായ ജോഷിമഠ് ഏറെ അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് നടത്തിയ പഠനം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിന്‍റെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ ജോഷിമഠ് പട്ടണവും അതിന്‍റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും പ്രതിവർഷം 2.5 ഇഞ്ച് അല്ലെങ്കില്‍ 6.5 സെ.മീ. താഴുകയാണ്.
ഡെറാഡൂൺ ആസ്ഥാനമായുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് വർഷക്കാലം പഠനം നടത്തുകയും പ്രദേശത്തെ ഗവേഷണത്തിനായി ഉപഗ്രഹ ഡാറ്റ ഉപയോഗിക്കുകയും ചെയ്തിരുന്നു. ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജോഷിമഠിലെ നിരവധി വീടുകളിലും കെട്ടിടങ്ങളിലും ആഴത്തിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയത്തിന്‍റെ ഭീകരത അധികൃതര്‍ മനസിലാക്കുന്നത്. കെട്ടിടങ്ങളില്‍ ഉണ്ടായ വിള്ളലുകള്‍ പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിരുന്നു. നിരവധി ആളുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളില്‍ താമസമാക്കിയിരിയ്ക്കുകയാണ്.
സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (CBRI) ചീഫ് സയന്‍റിസ്റ്റ് അടങ്ങിയ സംഘം ചൊവ്വാഴ്ച ജോഷിമഠിലെ 'സിങ്കിംഗ് സോണിൽ' കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിശകലനം ചെയ്തിരുന്നു. "ഭൂമി താഴുന്നത് കാരണം, ഭൂമിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു, ഇത് കെട്ടിടങ്ങളുടെ അടിത്തറയെ സാരമായി ബാധിക്കുന്നു. ഏഴ് നിലകളുള്ള ഒരു ഹോട്ടൽ കെട്ടിടത്തിന്‍റെ അടിത്തറ ദുർബലമായി. ഇത് നന്നാക്കാൻ കഴിയാത്തതിനാലാണ് ഇത് പൊളിക്കുന്നത്," സിബിആർഐയിലെ ചീഫ് സയന്‍റിസ്റ്റ് ഡിപി കനുങ്കോ പറഞ്ഞു,
പ്രശ്നത്തില്‍ ഇതിനോടകം പ്രധാനമന്ത്രി ഇടപെട്ടു. അദ്ദേഹം മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശവാസികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനുമായി ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നൽകി.
അതേസമയം, ദുരന്തം ഒഴിവാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. ജോഷിമഠിനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുകയാണ്. ഏറെ അപകടം നിറഞ്ഞ പ്രദേശങ്ങള്‍, ബഫർ, പൂർണ്ണമായും സുരക്ഷിതം എന്നിങ്ങനെയാണ് അത്. തികച്ചും സുരക്ഷിതമല്ലാത്തതും ഉടനടി ആളുകളെ ഒഴിപ്പിക്കേണ്ടതുമായ മേഖലയെ അപകട മേഖല എന്ന് വിളിക്കുന്നു. ബഫർ സോൺ എന്നത് നിലവിൽ സുരക്ഷിതവും എന്നാൽ ഭാവിയിൽ ഭീഷണി നേരിടുന്നതുമായ ഒരു മേഖലയാണ്. മൂന്നാമത്തേത് പൂർണ്ണമായും സുരക്ഷിത മേഖലയാണ്. അപകടസാധ്യതയ്ക്കും ബഫർ സോണിനുമായി ഒരു സർവേ നടക്കുന്നു, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആർ മീനാക്ഷി സുന്ദരം പറഞ്ഞു.
അതേസമയം, നിരവധി കെട്ടിടങ്ങളില്‍ ആഴമേറിയ വിള്ളലുകൾ ഉണ്ടായ സാഹചര്യത്തില്‍ സിബിആർഐ റൂർക്കി ടീമിന്‍റെ മേൽനോട്ടത്തിൽ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ അടയാളപ്പെടുത്തുകയും അത് പൊളിയ്ക്കുകയും ചെയ്യുകയാണ്. പ്രദേശത്തെ നിരവധി കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരിയ്ക്കുന്നത്.
അതേസമയം, ജോഷിമഠ് മാത്രമല്ല, ഉത്തരാഖണ്ഡിലെ 5 ജില്ലകളാണ് നിലവില്‍ അപകടത്തില്‍ എന്നാണ് റിപ്പോര്‍ട്ട്. അതായത്, പൗരി, ബാഗേശ്വർ, ഉത്തർകാശി, തെഹ്‌രി ഗർവാൾ, രുദ്രപ്രയാഗ് എന്നിവയാണ് നിലവില്‍ ഭീഷണി നേരിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...