Odisha Train Accident: ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ; രക്ഷാപ്രവർത്തനം തുടരുന്നു

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 11:14 AM IST
  • മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്.
  • ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു.
  • ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു.
Odisha Train Accident: ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽപെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ; രക്ഷാപ്രവർത്തനം തുടരുന്നു

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ദുരന്തമാണ് ഇന്നലെ ഒഡീഷയിൽ ഉണ്ടായിരിക്കുന്നത്. ബാലാസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 200ലധികം ആളുകളാണ് മരണപ്പെട്ടത്. ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ട്രെയിൻ പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഇവർക്ക് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.

അതേസമയം 280ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടെയും നില ​ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. തകർന്നു കിടക്കുന്ന കോച്ചുകൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബോ​ഗികൾ വെട്ടിപ്പൊളിച്ചാണ് കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 

മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ഇന്നലെ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.

Also Read: Odisha Train Accident : ഒഡീഷ ട്രെയിൻ അപകടം; യാത്രക്കാരായ നാല് തൃശൂർ സ്വദേശികൾക്ക് പരിക്ക്

ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്. 12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂര്‍-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയുകയായിരുന്നു. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെ പേരുമെന്നാണ് റെയിൽവെ അറിയിക്കുന്നത്. 

 

അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവെ നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടത്തിൽപ്പട്ടവർക്ക് എല്ലാ സഹായവും നൽകുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു.

കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്ന നാല് തൃശൂർ സ്വദേശികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, വിജേഷ് എന്നിവരാണ് അപകടത്തിൽപെട്ട ട്രെയിനിലുണ്ടായിരുന്ന മലയാളികൾ. ഇവരിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്തിയിൽ ക്ഷേത്ര നിർമാണ ജോലിക്കായി പോയി തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിക്കുന്നത്. ചെന്നൈയിലെത്തി അവിടെ നിന്നും തൃശൂരിലേക്ക് തിരിക്കാനായിരുന്നു.

അതേസമയം ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി. 38  ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പശ്ചിമബം​ഗാളും തമിഴ്നാടും അപകട സ്ഥലത്തേക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടിൽ ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാവിലെ ചെന്നൈ റെയിൽവെ സ്റ്റേഷനിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയിരുന്നു. 

Trending News