Monkeypox Update: മങ്കിപോക്സ് ബാധിച്ച് ഒരാള്‍ മരിച്ചതോടെ രാജ്യം കൂടുതല്‍ ജാഗ്രതയിലേയ്ക്ക്... മങ്കിപോക്സ് കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നൽകി. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോളിന്‍റെ നേതൃത്വത്തിലായിരിക്കും സംഘം പ്രവർത്തിക്കുക, കേന്ദ്ര ആരോഗ്യമന്ത്രാലയം, ഫാർമ, ബയോടെക് സെക്രട്ടറി എന്നിവരും ഈ സംഘത്തിലുണ്ടാകും.
രാജ്യത്ത് അടുത്തിടെയുണ്ടായ കുരങ്ങുപനി കേസുകള്‍ നിരീക്ഷിക്കാനും സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരിന് ഉപദേശം നൽകാനും രോഗനിർണ്ണയ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധ്യമായ വാക്സിനുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ സഹായിക്കാനുമായാണ് ടാസ്‌ക് ഗ്രൂപ്പ് രൂപീകരിച്ചിരിയ്ക്കുന്നത്.
കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലാണ് ആദ്യ മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. മരിച്ചയാൾക്ക് മറ്റൊരു രാജ്യത്തുവച്ച് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വിദേശത്ത് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നുവെന്നും കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമാണ് തൃശ്ശൂരിൽ ചികിത്സ തേടിയതെന്നും കുരങ്ങുപനി മാരകമായ രോഗമല്ലെന്നും ആരോഗമന്ത്രി പറഞ്ഞു.
ചികിത്സ ലഭിക്കാൻ കാലതാമസം നേരിട്ടതാകാം മരണകാരണമെന്നും ഈ വിവരം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനിടെ മരിച്ച യുവാവിന്‍റെ കോൺടാക്റ്റ് ലിസ്റ്റും റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഇതുവരെ 5 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ മൂന്ന് കേസുകൾ കേരളത്തിൽ നിന്നാണ്. ഒന്ന് ഡൽഹിയിൽ നിന്നും മറ്റൊന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ നിന്നും മങ്കിപോക്സിന് സമാനമായ ലക്ഷങ്ങളുള്ളവരെ നിരീക്ഷണത്തിന് വിധേയരാക്കിയിരിയ്കുകയാണ്.
മറ്റ് ചില രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ കേന്ദ്രസർക്കാർ ജാഗ്രതയിലാണ്. രോഗം നിയന്ത്രണവിധേയമാക്കാൻ സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിതി ആയോഗ് (ആരോഗ്യം) അംഗം ഡോ. വി.കെ പോൾ പറഞ്ഞു.
അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ല, എന്നാൽ രാജ്യവും സമൂഹവും ജാഗ്രത പാലിക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്, കൂടാതെ, എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുകയും ചികിത്സ തേടുകയും ചെയ്യണം, ഡോ. വി.കെ പോൾ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് 78 രാജ്യങ്ങളിൽ നിന്നായി 18,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...