New Delhi: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള FIR-ല്‍ ലൈംഗിക പീഡനം സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ... ലൈംഗികാതിക്രമങ്ങൾ,സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കൽ, പദവി ദുരുപയോഗം ചെയ്യല്‍, ലൈംഗികാവശ്യം നിരസിച്ചാൽ ഭീഷണി തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളാണ് 2 എഫ്ഐആറുകളില്‍ പറയുന്നത്.
ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ രണ്ട് FIR ആണ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ഈ രണ്ട് എഫ്‌ഐആറിലും ഇയാള്‍ക്കെതിരെ ഗുരുതരമായ ലൈംഗിക, കുറ്റകൃത്യ ആരോപണങ്ങൾ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന വനിതാ അത്‌ലറ്റുകളെ അനുചിതമായി സ്പർശിക്കുകയും പരിക്കുകളുടെ ചികിത്സാച്ചെലവ് ഫെഡറേഷൻ വഹിക്കുന്നതിന് പകരമായി ലൈംഗിക ആവശ്യം നിറവേറ്റാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി FIR ല്‍ പറയുന്നു.
കായികതാരങ്ങള്‍ക്ക് ന്യൂട്രീഷണൽ സപ്ലിമെന്‍റ് വാഗ്ദാനം ചെയ്ത് പകരമായി ലൈംഗികാവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അത്തരത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള 15 സംഭവങ്ങളും എഫ്ഐആറിൽ പറയുന്നു.
ബ്രിജ് ഭൂഷൺ വനിതാ ഗുസ്തിക്കാരെ കടന്നുപിടിക്കുകയും അവരുടെ കാലുകൾ തന്‍റെ കാലുകൾ കൊണ്ട് സ്പർശിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്തനങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച ഏഴ് വനിതാ ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍
കായിതാരങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്ന പത്ത് സംഭവങ്ങളാണ് എഫ്ഐആറിലുള്ളത്. വനിതാ ഗുസ്തിതാരങ്ങളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. 354, 354 എ (ലൈംഗിക പീഡനം), 354 ഡി, 34 എന്നീ വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്‍റെ പരാതിയുമായി ബന്ധപ്പെട്ട് പോക്സോ നിയമപ്രകാരമാണ് എഫ്ഐആറുകളിലൊന്ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിന്‍റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോട്ടോ എടുക്കാനെന്ന വ്യാജേനെ അടുത്തിരുത്തി സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പെണ്‍കുട്ടി തടുത്തിട്ടും ഉപദ്രവം തുടര്‍ന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മറ്റൊരു എഫ്‌ഐആര്‍ മുതിര്‍ന്ന വനിതാ ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. ഇതിൽ ബ്രിജ് ഭൂഷണെതിരേ ലൈംഗിക പരാതി വെളിപ്പെടുത്തിയിരിയ്ക്കുന്നത് ആറ് ഗുസ്തി താരങ്ങളാണ്. ലൈംഗിക ആവശ്യം നിരസിക്കുന്ന കായികതാരങ്ങളെ ബ്രിജ് ഭൂഷൺ ഭീഷണിപ്പെടുത്തിയതായും ഭാവിയിലെ ടൂര്‍ണമെന്‍റുകളില്‍ പരിഗണിക്കില്ലെന്ന് പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.
അതേസമയം, മറുവശത്ത്, തനിക്കെതിരെ ഉന്നയിയ്ക്കുന്ന എല്ലാ ആരോപണങ്ങളും ബ്രിജ് ഭുഷന്‍ നിഷേധിയ്ക്കുകയാണ്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ താൻ തൂങ്ങിമരിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടാതെ, ഗുസ്തി താരങ്ങളുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അത് കോടതിയിൽ ഹാജരാക്കുക, ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്, എന്നും ഇയാള്‍ പറയുന്നു.
ഡല്‍ഹി പോലീസ് ബ്രിജ് ഭുഷനെതിരെ FIR രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഏപ്രിൽ 29 ന് ഡൽഹി പോലീസ് വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം), 354 ഡി (stalking), 34 (common intention), പോക്‌സോ നിയമത്തിലെ സെക്ഷൻ 10 എന്നിവ പ്രകാരമാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി വകുപ്പുകൾ പ്രകാരം ഒന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കും.
ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്തി താരങ്ങള്‍ WFI മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ആരോപണം ഉന്നയിച്ച് മാസങ്ങളായി പ്രതിഷേധത്തിലാണ്.
അതേസമയം, ഡൽഹി പോലീസിനെയും സുപ്രീം കോടതിയേയും വിശ്വസിക്കുക, അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കൂ എന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെടുന്നത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഗുസ്തി താരങ്ങള്‍ കായികവിനോദത്തിനും കളിക്കാർക്കും ദോഷം ചെയ്യുന്ന വിധത്തില്‍ ഒന്നും ചെയ്യരുതെന്നും കേന്ദ്രമന്ത്രി അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...