മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ അഗ്നിബാധ: 33 രോഗികളെ രക്ഷപ്പെടുത്തി

ഫയര്‍ ആന്‍റ് സേഫ്റ്റി നിയമങ്ങള്‍ക്ക് അനുസൃതമായി അടിയന്തര ഘട്ടത്തെ നേരിടാനുള്ള സജ്ജീകരണം ആശുപത്രിയില്‍ ഉണ്ടായിരുന്നതാണ് വലിയ അപകടം ഒഴിവായത്. 

Last Updated : Apr 2, 2018, 06:06 PM IST
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ അഗ്നിബാധ: 33 രോഗികളെ രക്ഷപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ നിന്ന് 33 രോഗികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

മണിക് ആശുപത്രിയില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീ കണ്ടത്. പിന്നീട് തീ മുകളിലെ നിലകളിലേക്ക് പടര്‍ന്നു. ആശുപത്രി ജീവനക്കാര്‍ അടിയന്തരമായി ഇടപെട്ടത് മൂലം രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സാധിച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 

33 രോഗികളാണ് ഒന്നാം നിലയില്‍ ചികിത്സയിലുണ്ടായിരുന്നത്. തീ പടരുന്നുവെന്ന വിവരം ലഭിച്ചയുടന്‍ ഇവരെ കോണിപ്പടി വഴി താഴേയ്ക്കെത്തിച്ചു. വെന്‍റിലേറ്ററിലുള്ള രോഗികളെ വരെ ഇത്തരത്തില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായി മാറ്റാന്‍ സാധിച്ചു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇരുപതോളം ആംബുലന്‍സുകളും ഇതിനായി സജ്ജമാക്കി. 

ഫയര്‍ ആന്‍റ് സേഫ്റ്റി നിയമങ്ങള്‍ക്ക് അനുസൃതമായി അടിയന്തര ഘട്ടത്തെ നേരിടാനുള്ള സജ്ജീകരണം ആശുപത്രിയില്‍ ഉണ്ടായിരുന്നതാണ് വലിയ അപകടം ഒഴിവായത്.  

തീപിടുത്തത്തിന് കാരണം എന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. താഴത്തെ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

Trending News