ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര വൈദ്യുതി അതോറിറ്റി (CEA) കൽക്കരി വൈദ്യുത നിലയങ്ങളിലെ സ്റ്റോക്കിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത് വിട്ടു. രാജ്യത്തെ 135 പവർ പ്ലാന്റുകളിൽ (Power plant) 115 എണ്ണവും കൽക്കരി ക്ഷാമം നേരിടുന്നതായാണ് സിഇഎ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒക്ടോബർ 10 വരെ, 115 പവർ പ്ലാന്റുകളിൽ കൽക്കരി സ്റ്റോക്ക് (Coal stock) സാധാരണയേക്കാൾ കുറവുള്ളതായി കണ്ടെത്തി, അതേസമയം 17 പവർ പ്ലാന്റുകളിൽ ഒരു ദിവസത്തെ സ്റ്റോക്ക് പോലും ലഭ്യമല്ല.
26 പ്ലാന്റുകളിൽ, ഒരു ദിവസത്തെ ഉപയോഗത്തിനുള്ള കൽക്കരി മാത്രമേ ശേഷിക്കുന്നുള്ളൂ, 22 വൈദ്യുത നിലയങ്ങളിൽ രണ്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമേ ഉള്ളൂ. 18 വൈദ്യുത നിലയങ്ങളിൽ മൂന്ന് ദിവസത്തേക്കും 13 വൈദ്യുത നിലയങ്ങളിൽ 4 ദിവസത്തേക്കുമുള്ള കൽക്കരിയാണ് ശേഷിക്കുന്നത്. രാജ്യത്തെ 11 പവർ പ്ലാന്റുകളിൽ അഞ്ച് ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കും എട്ട് പവർ പ്ലാന്റുകളിൽ ആറ് ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കും ഉണ്ട്.
ഇന്ത്യയിലെ കൽക്കരി വൈദ്യുത നിലയങ്ങളിൽ ശരാശരി നാല് ദിവസത്തേക്കുള്ള കൽക്കരി ശേഖരമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലെ 33 വൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം നേരിടുന്നു. ഒമ്പത് പ്ലാന്റുകളിൽ, ഒരു ദിവസത്തേക്ക് പോലും കൽക്കരി സ്റ്റോക്ക് ലഭ്യമല്ല. ആറ് പ്ലാന്റുകളിൽ ഒരു ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്ക് മാത്രമേ ശേഷിക്കുന്നുള്ളൂ. ഏഴ് പ്ലാന്റുകളിൽ രണ്ട് ദിവസത്തേക്കുള്ളതും നാല് പ്ലാന്റുകളിൽ മൂന്ന് ദിവസത്തേക്കുമുള്ള കൽക്കരി സ്റ്റോക്ക് ഉണ്ട്.
ഹരിയാനയിൽ കടുത്ത കൽക്കരി ക്ഷാമമാണ് നേരിടുന്നത്. അഞ്ച് വൈദ്യുത നിലയങ്ങളിൽ നാല് എണ്ണത്തിലും ഒരു ദിവസത്തേക്കുപോലുമുള്ള കൽക്കരി ലഭ്യമല്ല. ഒരു വൈദ്യുത നിലയത്തിൽ മാത്രം മൂന്ന് ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കുണ്ട്. ഉത്തർപ്രദേശിൽ 19 വൈദ്യുത നിലയങ്ങളിൽ മൂന്ന് എണ്ണത്തിൽ സ്റ്റോക്ക് ഇല്ല. ഒരു നിലയത്തിൽ മാത്രം എട്ട് ദിവസത്തേക്കുള്ള സ്റ്റോക്കുണ്ട്. പഞ്ചാബിൽ അഞ്ച് വൈദ്യുത നിലയങ്ങളിൽ രണ്ടെണ്ണത്തിൽ രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്കുണ്ട്.
ഡൽഹിയിലേക്ക് വൈദ്യുതി എത്തിക്കുന്ന അഞ്ച് വൈദ്യുത നിലയങ്ങളിൽ ഒരെണ്ണത്തിൽ കൽക്കരി പൂർണ്ണമായും തീർന്നു. ഒരെണ്ണത്തിൽ ഒരു ദിവസത്തേക്കുള്ള കൽക്കരി ശേഷിക്കുന്നു. രാജസ്ഥാനിൽ നാല് നിലയങ്ങളിൽ ഒന്നിൽ പൂർണ്ണമായും കൽക്കരി തീർന്നു. മറ്റൊന്നിൽ അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്കുണ്ട്. എൻടിപിസി ദാദ്രിയിൽ കൽക്കരി ലഭ്യമല്ല. ജജ്ജർ (ടിപിഎസ്)-മൂന്ന് ദിവസം, ഡിവിസി (സിടിപിഎസ്)- ഒരു ദിവസം, മേജ-രണ്ട് ദിവസം, സിംഗ്രൗലി-ആറ് ദിവസം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...