കോവിഡ് പ്രതിരോധ വാക്സിൻ (Covid Vaccine)വിതരണത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുകയാണ് ഇന്ത്യ (India). വാക്സിൻ ക്ഷാമം ഉൾപ്പെടെയുള്ളവ ചില്ലറയൊന്നുമല്ല ആരോഗ്യമന്ത്രാലയത്തെ (Health Ministry) പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. എങ്കിലും അതിനെ എല്ലാം മറികടന്ന് ഇന്ന് വാക്സിനേഷനിൽ വളരെ അധികം ലോകോത്തര ശ്രദ്ധ നേടിയ രാജ്യമായി മാറി ഇന്ത്യ.
എന്നാൽ ആരോഗ്യ വകുപ്പ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ബുദ്ധിമുട്ടേറിയ ഭൂപ്രദേശങ്ങളിലേക്ക് വാക്സീന്‍ എത്തിക്കുക എന്നത്. ഇപ്പോൾ അതിനും മാർഗം കണ്ടെത്തിയിരിക്കുകയാണ്. വാഹനം കടന്നു ചെല്ലാത്ത മലമ്പ്രദേശങ്ങളും ചിന്നിച്ചിതറി കിടക്കുന്ന ദ്വീപുകളുമെല്ലാം ചെന്നെത്താന്‍ ബുദ്ധിമുട്ടേറിയ ഈ ഭൂപ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഇടങ്ങളിലേക്ക് എളുപ്പത്തില്‍ വാക്സീന്‍ എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കോവിഡ് വാക്സീന്‍ വിതരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജ്യം. ഐസിഎംആറിന്റെ ഡ്രോണ്‍ (drone) അധിഷ്ഠിത വാക്‌സിന്‍ വിതരണ പദ്ധതിയായ ഐ-ഡ്രോണ്‍ (i-drone) സംവിധാനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിര്‍വഹിച്ചിരുന്നു. രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നത് മക്ഷ്യമിട്ടാണ് ഐസിഎംആറിന്റെ Drone Response and Outreach in North East (i-Drone) സംരംഭത്തിന് തുടക്കമിട്ടത്. ജീവന്‍ രക്ഷാ വാക്‌സിനുകള്‍ എല്ലാ പൗരന്മാര്‍ക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണേഷ്യയില്‍ത്തന്നെ ഡ്രോണിന്‍റെ ആദ്യ വാണിജ്യ ഉപയോഗമാണ് ഇതെന്ന് മന്‍സുഖ് മാണ്ഡവ്യ പറയുന്നു.
പരീക്ഷണ പദ്ധതിയായ ഐ ഡ്രോൺ ആദ്യ ഘട്ടത്തില്‍ നാഗാലാന്‍ഡിലും മണിപ്പുരിലും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലുമാണ് നടപ്പാക്കുന്നത്. ഉദ്ഘാടന പറക്കലില്‍ വാക്സിനുമായി 31 കിലോമീറ്റര്‍ 15 മിനിറ്റു കൊണ്ട് ഡ്രോണ്‍ പിന്നിട്ടു. മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ലോക്തക് തടാകത്തിലെ കരംഗ് ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് വാക്‌സീന്‍ എത്തിച്ചത്. ഭാവിയില്‍ വാക്സിന്‍ വിതരണത്തിന് പുറമേ രക്തസാംപിളുകളും അവശ്യ മരുന്നുകളും ട്രാൻസ്പോർട്ട് ചെയ്യാനും ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
ഡ്രോണുകള്‍ (Drone) ഉപയോഗിച്ചുള്ള വാക്സിന്‍ വിതരണത്തിന് ഈ വര്‍ഷം ആദ്യം കേന്ദ്ര വ്യോമയാന മന്ത്രാലയവും (Union Aviation Ministry) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും ഐസിഎംആറിന് (ICMR) ഉപാധികളോടെ ഇളവ് അനുവദിച്ചിരുന്നു. ഐഐടി കാണ്‍പുരുമായി (IIT Kanpur) ചേര്‍ന്നാണ് ഐസിഎംആര്‍ പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷത്തേക്കാണ് ഡ്രോണ്‍ പറത്താനുള്ള അനുമതി ഐസിഎംആറിന് ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച ശേഷം ഐസിഎംആറിന് വേണ്ടി എച്ച്എല്‍എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് മെഡിക്കല്‍ സാമഗ്രികളുടെ പരീക്ഷണ വിതരണ പറക്കൽ നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...