Aneurysm Coiling: തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കുന്ന അന്യൂറിസം കോയലിംഗ്; ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

Kozhikode Medical College: തലയോട്ടിയോ തലച്ചോറോ തുറക്കാതെ തന്നെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോ​ഗികൾക്ക് ലഭ്യമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 03:55 PM IST
  • തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകള്‍ ഉണ്ടായാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കും
  • ഇതിന് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്
  • എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കോയിലിംഗ് ടെക്‌നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാന്‍ സാധിക്കും
Aneurysm Coiling: തലയോട്ടി തുറന്നുള്ള സങ്കീർണ ശസ്ത്രക്രിയകൾ ഒഴിവാക്കുന്ന അന്യൂറിസം കോയലിംഗ്; ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ തന്നെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തുന്നത്. 250 രോഗികള്‍ക്ക് അന്യൂറിസം കോയലിം​ഗ് വിജയകരമായി പൂര്‍ത്തിയാക്കി.

റേഡിയോളജി വിഭാഗത്തിന് കീഴിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റിലാണ് അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കുന്നതിലൂടെ മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും സാധിക്കുന്നു.

പരമാവധി രോഗികള്‍ക്ക് നൂതനമായ ചികിത്സ ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം കാരണം കുമിളകള്‍ (അന്യൂറിസം) ഉണ്ടായാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കും. ഇതിന് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് പരമ്പരാഗതമായി ചെയ്തു വരുന്നത്.

ALSO READ: 'കാരുണ്യസ്പർശം' കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കോയിലിംഗ് ടെക്‌നിക്കിലൂടെ ശസ്ത്രക്രിയ ഇല്ലാതെ ഇത് പരിഹരിക്കാന്‍ സാധിക്കും. കയ്യിലെയോ കാലിലെയോ രക്തക്കുഴല്‍ വഴി തലച്ചോറിലെ രക്തക്കുഴലിലെത്തി, കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവ ഉപയോഗിച്ച് കുമിള അടയ്ക്കുന്ന ചികിത്സാ രീതിയാണ് അന്യൂറിസം കോയലിംഗ്.

സംസ്ഥാനത്ത് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികള്‍ക്ക് അന്യൂറിസം കോയലിംഗ് ചികിത്സ നല്‍കിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഈ ചികിത്സയിലെ നൂതന സമ്പ്രദായമായ ഫ്ലോ ഡൈവെര്‍ട്ടര്‍ ചികിത്സയും അറുപതിലേറെ രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ മെഡിക്കല്‍ കോളേജില്‍ സൗജന്യമായാണ് ചെയ്യുന്നത്.

പദ്ധതിയില്‍ ഉള്‍പ്പെടാത്ത രോഗികള്‍ക്ക് പ്രൊസീജിയറിന് ആവശ്യമായ കോയില്‍, സ്റ്റെന്റ്, ബലൂണ്‍ എന്നിവയുള്‍പ്പെടെയുള്ള കുറഞ്ഞ ചെലവ് മാത്രമേ ആകുന്നുള്ളൂ. പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, സുപ്രണ്ട് ഡോ. ശ്രീജയന്‍ എംപി എന്നിവരുടെ നേതൃത്വത്തിൽ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, അനേസ്തീഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് അസി പ്രൊഫ. ഡോ. രാഹുല്‍ കെ.ആര്‍., ഡോ. പ്രസാദ്, റേഡിയോഗ്രാഫര്‍മാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്‌സുമാരായ റീന, ജിസ്‌നി, അപര്‍ണ, അനുഗ്രഹ് എന്നിവരാണ് ചികിത്സ നടത്തിയത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News