തൃശ്ശൂര്‍: റൗഡിപ്പട്ടികയിലുള്‍പ്പെട്ടയാളുടെ വീട്ടില്‍ മാരകായുധങ്ങളുമായി കയറി ആക്രമണ നടത്തിയ കേസിൽ മൂന്നുപേര്‍ അറസ്റ്റിലായതായി റിപ്പോർട്ട്. പുലാക്കോട് സ്വദേശികളായ തെക്കേതില്‍ വിഷ്ണു, നമ്പിയത്ത് ഗോപാലകൃഷ്ണന്‍, നാരങ്ങാപ്പറമ്പില്‍ ദില്‍ സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതിയായ വിഷ്ണു പട്ടാളക്കാരനാണ്.
Also Read: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
മേപ്പാടം മറ്റത്തില്‍ വീട്ടില്‍ ജിജോയുടെ വീട്ടിലായിരുന്നു വ്യാഴാഴ്ച അര്‍ധരാത്രിയോടെ വാക്കത്തിയും സോഡാ കുപ്പിയുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വിഷ്ണുവും സംഘവുമെത്തി ആക്രമണം അഴിച്ചുവിട്ടത്. ജിജോയും വിഷ്ണുവും ഉള്‍പ്പെട്ട ജനുവരിയിലെ ആക്രമണ കേസില്‍നിന്നും വിഷ്ണുവിനെ ഒഴിവാക്കാത്തതിലുള്ള തര്‍ക്കമാണ് വീടുകയറി ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇവർ ജിജോയുടെ അമ്മയേയും ആക്രമിക്കുകയും വീട്ടുപകരണങ്ങളുള്‍പ്പെടെ രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ചേലക്കര സിഐ. കൃഷ്ണകുമാര്‍, എസ്.ഐ. എആര്‍. നിഖില്‍, എഎസ്ഐ. സിദ്ദിഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഐബി. രഞ്ജിത്ത്, ടിആര്‍. രഘു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...