ഉത്തരകാശി: നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്നാരോപിച്ച് ക്രിസ്മസ് പരിപാടിയിൽ ആക്രമണം. 30 പേരടങ്ങുന്ന സംഘം വടികളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിൽ ആണ് ആക്രമണം നടന്നത്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു.
ആക്രമണത്തിനിരയായ പാസ്റ്ററെയും ഭാര്യയെയും ഉൾപ്പടെ ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ആക്രമിച്ചെന്ന് കരുതുന്നവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണം നടത്തിയത് ഹിന്ദുസംഘടനയിലുൾപ്പെട്ടവരാണെന്ന് ആക്രമിക്കപ്പെട്ടവർ ആരോപിച്ചു. തുടർന്ന് വിഷയം രമ്യമായി പരിഹരിച്ച ശേഷം എല്ലാവരെയും വിട്ടയച്ചതായി പോലീസ് അറിയിച്ചു.
Also Read: Titanium Job Fraud Case: ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
ഡെറാഡൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഹോപ്പ് ആൻഡ് ലൈഫ് സെന്ററിലാണ് ആക്രമണം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. മുസ്സൂറി യൂണിയൻ ചർച്ചിലെ പാസ്റ്ററാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. അടുത്തിടെ സംസ്ഥാന സർക്കാർ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കിയിരുന്നു. ഇതിന് ഇന്നലെ ഗവർണറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. അതേസമയം, ഇവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...