പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി

ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന  വാഹനം ആര്യങ്കാവിൽ പിടിയിലായത്.  

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 09:52 PM IST
  • ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന വാഹനം ആര്യങ്കാവിൽ പിടിയിലായത്.
പച്ചക്കറി വാഹനങ്ങളിൽ ബീഡി കടത്ത്: നികുതി വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി

തിരുവനന്തപുരം : നികുതി വെട്ടിച്ച് പച്ചക്കറി വാഹനങ്ങളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 5270 പാക്കറ്റ് ബീഡി സംസ്ഥാന ചരക്ക് സേവന നികുതി  വകുപ്പ്  ഇന്റലിജൻസ് വിഭാഗം  പിടികൂടി. സംസ്ഥാന അതിർത്തികളിൽ നികുതി വകുപ്പ് സ്ഥാപിച്ച എ.എൻ.പി.ആർ (ANPR) നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഇന്റലിജൻസ് വിഭാഗം രണ്ടാഴ്ച്ച നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾക്കൊപ്പം ബീഡി കടത്തിക്കൊണ്ടുവന്ന  വാഹനം ആര്യങ്കാവിൽ പിടിയിലായത്.

TN-36 BY 5386 നമ്പർ  പിക്ക് അപ്പ് വാനിൽ നിന്ന് നാലു ബീഡി കമ്പനികളുടെ 3320 പാക്കറ്റ് ബീഡിയാണ്  പിടികൂടിയത്. ജി.എസ്.ടി  നിയമത്തിലെ വകുപ്പ് 130 പ്രകാരം നോട്ടീസ് നൽകി 5,31,200 രൂപ സർക്കാരിലേക്ക് ഈടാക്കി. TN-76 AR 5087 നമ്പർ പിക്ക് അപ്പ് വാനിൽ കടത്തിക്കൊണ്ടു വന്ന 1950  പാക്കറ്റ് ബീഡി ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പിടികൂടിയത്. ജി.എസ്.ടി  നിയമത്തിലെ വകുപ്പ്  130 പ്രകാരം നോട്ടീസ് നൽകി 4,80,000 രൂപ ഈടാക്കി.

ജി.എസ്.ടി നിലവിൽ വന്ന 2017 ജൂലൈയിൽ തന്നെ സംസ്ഥാന അതിർത്തിയിലെ നികുതി വകുപ്പ് ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു. ഇ-വേ ബില്ല് സംവിധാനം നിലവിൽ വന്നെങ്കിലും ഇ-വേ ബില്ല് എടുക്കാതെയും, ഒരേ ഇ-വേ ബില്ല് ഉപയോഗിച്ച് ഒന്നിലധികം പ്രാവശ്യം ചരക്കുകൾ കൊണ്ട് വരുന്നതും, ചരക്കുകൾ എത്തിയ ശേഷം ഇ-വേ ബില്ല് റദ്ദാക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായിരുന്നു . ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിനായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എ.എൻ.പി.ആർ (ANPR) നിരീക്ഷണ ക്യാമറകൾ സംസ്ഥാനത്തെ 22 പ്രധാന അന്തർ സംസ്ഥാന ഹൈവേകളിൽ സ്ഥാപിച്ചത്. ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ തത്സമയം തന്നെ  നികുതി വകുപ്പിന്റെ നിരീക്ഷണ കേന്ദ്രങ്ങളിൽ  ലഭ്യമാകുകയും ചെയ്യും.

കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) അജിത്ത്. പി യുടെ നിർദ്ദേശപ്രകാരം കൊല്ലം ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ- 4 ലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ  മനോജ്.എസിന്റെ നേതൃത്വത്തിൽ  അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ  അഭിലാഷ്,  അനിൽകുമാർ, ഷഹീറുദ്ദിൻ, സ്റ്റാൻസിലാവോസ്, ജീവനക്കാരനായ അഹമ്മദ്, ബാലമുരളി കൃഷ്ണ  എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News