സഹായിക്കാൻ എന്ന വ്യാജേന എടിഎം കാർഡ് കൈക്കലാക്കി തട്ടിപ്പ്; കട്ടപ്പനയിൽ തമിഴ്നാട് സ്വദേശി പിടിയിൽ

എടിഎം മെഷീനുള്ളിൽ പേപ്പർ തിരുകി കയറ്റിയാണ് പ്രതി തട്ടപ്പ് നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 10:00 PM IST
  • കഴിഞ്ഞ ജൂലൈ രണ്ടിന് കട്ടപ്പന ഇടശേരി ജങ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കട്ടപ്പന സ്വദേശിയെയാണ് പെട്ടിതമ്പിരാജ് കബളിപ്പിച്ചത്.
  • എടിഎം മെഷിനില്‍ കാര്‍ഡിടുന്ന ഭാഗത്ത് ഉള്ളിലായി തമ്പിരാജ് നേരത്തെ പേപ്പര്‍ വച്ചിരുന്നു.
  • തമിഴ്‌നാട്ടില്‍ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ 21 കേസുകള്‍ നിലവിലുണ്ട്
സഹായിക്കാൻ എന്ന വ്യാജേന എടിഎം കാർഡ് കൈക്കലാക്കി തട്ടിപ്പ്; കട്ടപ്പനയിൽ തമിഴ്നാട് സ്വദേശി പിടിയിൽ

ഇടുക്കി : എടിഎം കാര്‍ഡ് തന്ത്രത്തില്‍ കൈക്കലാക്കി പണം തട്ടിയ തമിഴ്‌നാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂര്‍ ജെകെ പെട്ടിതമ്പിരാജാണ് പിടിയിലായത്. എടിഎമ്മിൽ നിന്നും പണമെടുക്കാൻ എത്തിയ കട്ടപ്പന സ്വദേശിയോട് മെഷിൻ തകരാറിലാണെന്ന് പറഞ്ഞ്ല പ്രതി കാർഡ് കൈക്കാലാക്കുകയും തുടർന്ന് പണം തട്ടുകയുമായിരുന്നു. തമിഴ്‌നാട്ടില്‍ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ 21 കേസുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ ജൂലൈ രണ്ടിന് കട്ടപ്പന ഇടശേരി ജങ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ കട്ടപ്പന സ്വദേശിയെയാണ് പെട്ടിതമ്പിരാജ് കബളിപ്പിച്ചത്. എടിഎം മെഷിനില്‍ കാര്‍ഡിടുന്ന ഭാഗത്ത് ഉള്ളിലായി തമ്പിരാജ് നേരത്തെ പേപ്പര്‍ വച്ചിരുന്നു. പണം പിന്‍വലിക്കാനെത്തിയയാള്‍ കാര്‍ഡ് ഇടാന്‍ ശ്രമിച്ചെങ്കിലും ഉള്ളിലേക്ക് കയറാതെ വന്നതോടെ സഹായിക്കാനെന്ന വ്യാജേന തമ്പിരാജ് സമീപിച്ചു. തുടര്‍ന്ന് തന്ത്രത്തില്‍ കട്ടപ്പന സ്വദേശിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി, പകരം അതേ മാതൃകയില്‍ തമ്പിരാജിന്റെ കൈവശമുള്ള മറ്റൊരു കാര്‍ഡ് മാറി നല്‍കി.

ALSO READ : Idukki News: ട്രാൻസ്‌ഫോർമർ ഓഫാക്കുന്നു, പിന്നെ മോഷണം; ഇടുക്കിയിൽ തലവേദനയാകുന്ന കള്ളൻമാർ

ഇതേസമയം കട്ടപ്പന സ്വദേശി കാണാതെ കാര്‍ഡ് ഇടുന്ന ഭാഗത്തെ പേപ്പറും എടുത്തുമാറ്റി. കാര്‍ഡ് മാറിയതറിയാതെ തമ്പിരാജിന്റെ കാര്‍ഡ് ഉപയോഗിച്ചാണ് കട്ടപ്പന സ്വദേശി പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. ഈസമയം പിന്‍നമ്പരും മനസിലാക്കി. പലതവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ എടിഎം കൗണ്ടര്‍ തകരാറിലായിരിക്കാമെന്ന് പറഞ്ഞ് ഇയാളെ പറഞ്ഞയച്ചു. പിന്നീട് രാത്രിയില്‍ കട്ടപ്പന സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് അദ്ദേഹത്തിന്റെ കാര്‍ഡ് ഉപയോഗിച്ച് 13,500 രൂപ തമ്പിരാജ് പിന്‍വലിച്ചു.

ശേഷം അടുത്ത ദിവസം രാവിലെ ഫോണില്‍ എസ്എംഎസ് കണ്ടപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി അറിഞ്ഞത്. തുടര്‍ന്ന് കട്ടപ്പന പോലീസിലും ബാങ്കിലും പരാതി നല്‍കി. എസ്ബിഐ അധികൃതരും നല്‍കിയ പരാതിയില്‍ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോനും സംഘവും നടത്തിയ അന്വേഷണത്തില്‍ ബോഡിനായ്ക്കന്നൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാള്‍ക്കെതിരെ 21 കേസുകള്‍ നിലവിലുണ്ട്. കൂടാതെ കര്‍ണാടകയിലും ആന്ധ്രയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News