ഗർഭം രഹസ്യമാക്കിയ ബേനസീർ ഭൂട്ടോയും പരസ്യമാക്കിയ ജസീന്തയും; പ്രധാനമന്ത്രിയും അമ്മയുമായ രണ്ടു പേർ

ജസീന്ത ആർഡേന് പെൺകുഞ്ഞ് ജനിക്കുന്നത് ജൂൺ 21നാണ്. ബേനസീർ ഭൂട്ടോയുടെ ജനനവും ഇതേ ദിവസത്തിലാണ്

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Jenish Thomas | Last Updated : Jan 19, 2023, 08:01 PM IST
  • ഇരുവർക്കുമിടയിൽ ചില പ്രത്യേക സമാനതകളുണ്ട്.
  • ഗർഭിണിയാണെന്ന് അറിയിച്ച് ജസീന്ത ആർഡേൻ
  • ഗർഭം രഹസ്യമാക്കിയ ഭൂട്ടോ
ഗർഭം രഹസ്യമാക്കിയ ബേനസീർ ഭൂട്ടോയും പരസ്യമാക്കിയ ജസീന്തയും; പ്രധാനമന്ത്രിയും അമ്മയുമായ രണ്ടു പേർ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമേധാവി എന്നതിനപ്പുറം ന്യൂസിലൻഡിന്റെ മാനുഷിക മുഖം കൂടിയായിരുന്നു ജസീന്ത ആർഡേൻ. രാഷ്ട്രപദവിയിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ വനിതാ നേതാവ് കൂടിയായിരുന്നു ജസീന്ത. രണ്ട് വട്ടം പാകിസ്ഥാൻ പ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോയാണ് അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ ആദ്യ നേതാവ്. 

ഇരുവർക്കുമിടയിൽ ചില പ്രത്യേക സമാനതകളുണ്ട്.

ജസീന്ത ആർഡേന് പെൺകുഞ്ഞ് ജനിക്കുന്നത് ജൂൺ 21നാണ്. ബേനസീർ ഭൂട്ടോയുടെ ജനനവും ഇതേ ദിവസത്തിലാണ്, 1953ൽ. മുപ്പത്തി ഏഴാമത്തെ വയസിലാണ് ആർഡേൻ പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. 1990 ജനുവരി 25നാണ് ബേനസീർ ഭൂട്ടോ , മകൾ ഭക്തവർ ഭൂട്ടോ സർദാരിയ്ക്കും ജന്മം നൽകുന്നത്.  ജസീന്തയ്ക്ക് കുഞ്ഞ് പിറന്നയുടൻ ഭക്തവർ ഭൂട്ടോ ട്വിറ്ററിൽ ആശംസകൾ നേർന്നിരുന്നു. ഒരേ സമയം അമ്മയാകാനും പ്രധാനമന്ത്രിയാകാനും കഴിയും എന്ന ദ ഗാർഡിയനിലെ ബേനസീർ ഭൂട്ടോയെക്കുറിച്ചുള്ള ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു അവർ ആശംസകൾ അറിയിച്ചത്. 

ALSO READ : Jacinda Ardern: ആ 'കടുത്ത തീരുമാനത്തിന്' പിന്നിൽ... പ്രധാനമന്ത്രിപദം ഒഴിയാൻ ജസീന്ത ആർഡേൻ

ഗർഭിണിയാണെന്ന് അറിയിച്ച് ജസീന്ത ആർഡേൻ 

പ്രസവ ദിവസത്തിന് ആറ് മാസം മുമ്പാണ് താൻ ഗർഭിണി ആണെന്ന വിവരം ജസീന്ത പുറത്തുവിടുന്നത്. പ്രധാനമന്ത്രിപദത്തിലെത്തും മുമ്പ് 2017 ഒക്ടോബർ 13നാണ് ഗർഭിണി ആണെന്ന് അറിയുന്നത്. ടി വി അവതാരകനായ പാട്ണർ ക്ലാർക്ക് ഗെഫോർഡ് ആ സമയം ഒരു പരിപാടിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നില്ല. ഗർഭിണി ആണെന്ന തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടെ പുറത്തുവരാൻ ആഗ്രഹിക്കാത്ത ഇരുവരും തൽക്കാലത്തേക്ക് അത് രഹസ്യമായി സൂക്ഷിച്ചു. 2017 ഒക്ടോബർ 26നാണ് ന്യുസീലൻഡിന്റെ നാൽപതാമത് പ്രധാനമന്ത്രിയായി ജസീന്ത ആർഡേൻ അധികാരമേൽക്കുന്നത്. 2018 ജനുവരിയിലാണ് ജസീന്ത ഗർഭിണി ആണെന്ന വാർത്തകൾ പതിയെ പുറത്തുവരാൻ തുടങ്ങിയത്. പ്രസവത്തിന് ശേഷം ആറാഴ്ച ആക്ടിങ് പ്രധാനമന്ത്രിയാകണമെന്ന് ജസീന്ത ഉപ പ്രധാനമന്ത്രി വിൻസൺ പീറ്റേഴ്സിനോട്  ആവശ്യപ്പെട്ടിരുന്നു. 2018 ജനുവരി 19ന് താൻ ഗർഭിണി ആണെന്ന വിവരം ജസീന്ത തന്നെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു.  ഞാൻ പ്രധാനമന്ത്രിയും അമ്മയും ആകുന്നു എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ജസീന്തയും പാർടണർ ക്ലാർക്ക് ഗെഫോർഡും ആദ്യകുഞ്ഞിനെ കാത്തിരിക്കുന്നതായുള്ള ഔദ്യോഗിക വാർത്താക്കുറിപ്പും അധികം വൈകാതെ പുറത്തെത്തി.  2018 ജൂൺ 21ന് വൈകുന്നേരം 4.45ന് അക്‌ലൻഡ് ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി ജസീന്ത. ഗർഭിണി ആണെന്ന് തിരിച്ചറിയുന്നത് മുമ്പ് 2017ൽ തെരഞ്ഞെടുപ്പ് ജോലികളുമായി തിരക്കിലായിരുന്ന ആർഡേൻ ടി വി അവതാരകനോട് പൊട്ടിത്തെറിച്ചിരുന്നു. കുട്ടികളെക്കുറിച്ചുള്ള സ്ത്രീകളുടെ പ്ലാനിങ് അറിയാൻ തൊഴിലുടമയ്ക്ക് അർഹതയുണ്ടെന്ന പരാമർശത്തിന് അവതാരകന് നേരെ വിരൽ ചൂണ്ടി 2017ലും ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യത സ്ത്രീകൾക്കില്ലെന്ന് അവർ അസന്നിഗ്ധമായി പറഞ്ഞു. 

ഗർഭം രഹസ്യമാക്കിയ ഭൂട്ടോ

പ്രസവത്തിന് ആറ് മാസം മുമ്പെ ഗർഭത്തെക്കുറിച്ചുള്ള വിവരം ജസീന്ത ആർഡേൻ പുറത്തുവിട്ടൂ എങ്കിൽ ഗർഭം രഹസ്യമാക്കി വയ്ക്കാനാണ് ബേനസീർ ഭൂട്ടോ താൽപര്യപ്പെട്ടത്. സഹപ്രവർത്തകരിൽ നിന്ന് പോലും ഇക്കാര്യം മറച്ചുവച്ചു. പ്രധാനമന്ത്രി ഗർഭിണിയാണെന്ന് മന്ത്രിസഭയിലെ ആരും തന്നെ അറിഞ്ഞിരുന്നില്ലെന്ന് ഭൂട്ടോ മന്ത്രിസഭയിൽ അംഗമായിരുന്ന ജാവേദ് ജബ്ബാർ പിന്നീട് പറഞ്ഞിരുന്നു. ജനാധിപത്യത്തിന് ജന്മ നൽകിയൊരാൾ ഇതാ ഒരു കുഞ്ഞിനും കൂടി ജന്മം നൽകിയിരിക്കുന്നു എന്നാണ് ഭൂട്ടോയ്ക്ക് കുഞ്ഞ് ജനിച്ചതിനെക്കുറിച്ച് ഇദ്ദേഹം പ്രതികരിച്ചത്. 

പാകിസ്ഥാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കാണ് ഭക്തവർ പിറന്നുവീണത്. ഭൂട്ടോയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നീക്കങ്ങൾ നടത്തുന്ന സമയായിരുന്നു അത്. പ്രസവ ശേഷം വിശ്രമത്തിന് പോലും കൂട്ടാക്കാതെ ഡോക്ടറുടെ നിർദേശപ്രകാരം അവർ ജോലിയിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു.  പ്രസവത്തിന് തൊട്ടടുത്ത ദിവസം തന്നെ ഓഫീസിലേക്ക് തിരികെ എത്തിയെന്നും ഫയലുകളിൽ ഒപ്പിട്ടുതുടങ്ങിയെന്നും ബേനസീർ ഭൂട്ടോ പിന്നീട് പറഞ്ഞിരുന്നു. ഏറ്റവും വെല്ലിവിളി നിറഞ്ഞ നേതൃസ്ഥാനത്ത് നിൽക്കുമ്പോഴും ഒരു സ്ത്രീക്ക് കുഞ്ഞിന് ജന്മം നൽകാനും നന്നായി ജോലി ചെയ്യാനും കഴിയുമെന്നും അവർ പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News