തായ്പേയ്: കോവിഡിനും മങ്കിപോക്സിനും പിന്നാലെ മറ്റൊരു വൈറസ് കൂടി പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. സൂനോട്ടിക് ലാംഗ്യ വൈറസ് കണ്ടെത്തിയതായി തായ്‌വാനിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അറിയിച്ചു. ചൈനയിൽ ഇതുവരെ 35 പേർക്ക് ഈ വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്. മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസിനെ തിരിച്ചറിയുന്നതിനും അതിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനുമായി തായ്‌പേയ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചൈനയിലെ ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിൽ ലാംഗ്യ ഹെനിപാവൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും തായ്പേയ് ടൈംസ് റിപ്പോർട്ട് ചെയ്തു.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരുന്നത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തായ്‌വാനിലെ സിഡിസി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചുവാങ് ജെൻ-ഹ്‌സിയാങ് ഞായറാഴ്ച പറഞ്ഞു. എന്നിരുന്നാലും, മനുഷ്യരിലേക്ക് വൈറസ് പകരുമോ എന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോളിന് ഇതുവരെ നിർണയിക്കാനായിട്ടില്ലെന്നും വൈറസിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സീറോളജിക്കൽ സർവേയുടെ ഫലങ്ങൾ: വളർത്തു മൃഗങ്ങളിൽ നടത്തിയ സീറോളജിക്കൽ സർവേയിൽ പരിശോധിച്ച ആടുകളിൽ രണ്ട് ശതമാനവും പരിശോധിച്ച നായ്ക്കളിൽ അഞ്ച് ശതമാനവും പോസിറ്റീവ് ആണെന്ന് അധികൃതർ അറിയിച്ചു. ലാംഗ്യ ഹെനിപാവൈറസിന്റെ വ്യാപനം: തായ്‌പേയ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ലാംഗ്യ ഹെനിപാവൈറസ് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടരും. ചൈനയിലെ 35 രോഗികൾക്ക് പരസ്പരം അടുത്ത സമ്പർക്കം ഉണ്ടായിരുന്നില്ലെന്നും അടുത്ത സമ്പർക്കം പുലർത്തിയവർക്കും കുടുംബാംഗങ്ങൾക്കും അണുബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ലാംഗ്യ ഹെനിപാവൈറസിന്റെ ലക്ഷണങ്ങൾ: 26 രോഗികളിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശി വേദന, ഓക്കാനം, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. വെളുത്ത രക്താണുക്കളുടെ കുറവ്, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക, കരൾ തകരാർ, വൃക്ക തകരാർ എന്നിവയും വൈറസ് ബാധയുടെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ലാംഗ്യ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ, തായ്‌വാനിലെ ലബോറട്ടറികൾക്ക് വൈറസിനെ തിരിച്ചറിയാൻ ഒരു സ്റ്റാൻഡേർഡ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി ആവശ്യമായി വരും. ഇത്തരത്തിൽ വൈറസിനെ കുറിച്ച് കൂടുതൽ നിരീക്ഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...