കൊറോണ വൈറസ് ബാധയ്ക്ക് പിന്നാലെ ചൈനയില്‍ ഒരാളുടെ മരണത്തിനു കാരണമായി മറ്റൊരു വൈറസ്.
ചൈനയിലെ യുന്നന്‍ പ്രവശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത്. ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുന്നനില്‍ നിന്നും ഷന്‍ഡോംഗിലേക്ക് ജോലിയ്ക്കായി പോകവേയാണ് ബസില്‍ വച്ച് ഇയാള്‍ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന മറ്റു 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കേട്ടത് മുതല്‍ എന്താണ് ഹന്‍റാ വൈറസ്, എന്താണ് രോഗലക്ഷണങ്ങള്‍, എങ്ങനെ പടരുന്നു എന്നിങ്ങനെ നൂറ് സംശയങ്ങളാണ് എല്ലാവര്‍ക്കും. ഈ സംശയങ്ങള്‍ക്കെല്ലാം വ്യക്തമായ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍.
കൊറോണ വൈറസ് (കോവിഡ്19)ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ നടപടി കൈക്കൊണ്ടില്ലെന്ന് വ്യക്തമാക്കി ഡോ. ഷിനു ശ്യാമളന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്കിലൂടെയും ചാനലിലൂടെയും വിവരം പുറത്ത് വിട്ടതിനെ തുടര്‍ന്ന് ഷിനു ശ്യാമളന്‍ ജോലി ചെയ്തിരുന്ന സ്വകാര്യ ക്ലിനിക്കില്‍ നിന്നും അവരെ പിരിച്ച് വിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഡോക്ടര്‍ ഹന്‍റാ വൈറസിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
ഡോ. ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹാന്റാ വൈറസ് ഓർത്തൊഹാൻറ്റവൈറസ് ജനുസിൽപ്പെട്ട വൈറസാണ്. ഹാന്റാ വൈറസ് എന്ന നാമം വന്നത് തെക്കൻ കൊറിയയിലെ Hantan River നിന്നാണ്. 1976 ൽ Ho-Wang Lee ആണ് ഈ വൈറസിനെ കണ്ടു പിടിച്ചത്.
ഹാന്റാ വൈറസ് എലി, മുയൽ തുടങ്ങിയ റോഡന്റസിൽ നിന്ന് അവയുടെ മൂത്രമോ, തുപ്പൽ, കടി, കാഷ്ഠം എന്നിവയിൽ നിന്ന് കൈകൾ വായിലോ, മൂക്കിലോ, കണ്ണിലോ തൊടുന്നതിലൂടെ മനുഷ്യരിലേക്ക് പകരാം. പക്ഷെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യത തീരെ കുറവാണ്. 2005, 2019 ൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന andes വൈറസ് (ഓർതോഹാന്റാവൈറ് ജനുസിൽപ്പെട്ട വൈറസ്) സ്സൗത്ത് അമേരിക്കയിൽ കണ്ടു പിടിച്ചിരുന്നു.
hantavirus pulmonary syndrome (HPS), haemorrhagic fever with renal syndrome (HFRS) എന്നിവ മനുഷ്യരിൽ ഉണ്ടാക്കുവാൻ ഈ വൈറസിന് സാധിക്കും.
മരണ നിരക്ക് 38 ശതമാനത്തോളമാണ്.
രോഗലക്ഷണങ്ങൾ :പനി, ദേഹത്തു വേദന, തലവേദന, ഛർദി, വയറിളക്കം, ശ്വാസംമുട്ടൽ
ഇൻക്യൂബഷൻ പീരിയഡ് - ഒന്ന് മുതൽ എട്ട് ആഴ്‌ച്ച വരെയാകാം
എന്തായാലും പലരും കൊറോണ ചൈനയിൽ നിന്ന് വന്നു ദേ അടുത്തത് ഹാന്റാ വൈറസ് എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുന്നത് കണ്ടു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുവാൻ സാധ്യത തീരെ കുറവാണ്. നമുക്ക് തെറ്റായ ഭയം മറ്റുള്ളവർക്ക് കൊടുക്കാതെ അവിടെ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. ഇപ്പോൾ പേടിക്കേണ്ട സാഹചര്യമില്ല.