ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. ഇന്ന് രാവിലെ നടന്ന ഒന്നാം സെമി ഫൈനലില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലേയ്ക്ക് ടിക്കറ്റ് എടുത്തു കഴിഞ്ഞു.
2022ലെ ടി20 ലോകകപ്പ് സെമി ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അന്ന് അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു സെമി ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ ലോകകപ്പില്‍ അപരാജിതരായി കുതിക്കുന്ന ഇന്ത്യയ്ക്ക് ഫോം തുടരാനായാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാകില്ല.
ALSO READ: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ
ടി20 ക്രിക്കറ്റില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും ഇന്ത്യയുടെ പ്രകടനം കൂടുതല്‍ ശക്തമായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി20 ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഇതിന് നായകന്‍ രോഹിത് ശര്‍മ്മ നല്‍കുന്ന മികച്ച തുടക്കവും ബൗളിംഗിന് മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുന്ന ജസ്പ്രീത് ബുംറയും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.
ടി20യില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ഇതിന് മുമ്പ് 23 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 12 മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യയ്ക്കാണ് നേരിയ മുന്‍തൂക്കമുള്ളത്. ഇരുടീമുകളും അവസാനം പോരടിച്ച ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടി20 ലോകകപ്പിലെ പോരാട്ട ചരിത്രം പരിശോധിച്ചാല്‍ ഇരുടീമുകളും രണ്ട് മത്സരങ്ങളില്‍ വീതം വിജയിച്ചിട്ടുണ്ട്.
ഗയാനയിലെ പിച്ച് വേഗം കുറഞ്ഞതാണെന്നാണ് സമീപകാല മത്സര ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന പിച്ചാണ് ഗയാനയിലേത്. ഏതാനും മത്സരങ്ങളില്‍ മാത്രം സ്‌കോര്‍ 150 കടന്ന പിച്ചാണ് ഇവിടെയുള്ളത്. അഫ്ഗാനിസ്താനെതിരെ ന്യൂസിലന്‍ഡ് തകര്‍ന്നടിഞ്ഞതും ഇതേ പിച്ചിലാണ്. അതിനാല്‍ തന്നെ ഇന്ത്യ സ്പിന്‍ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാനാണ് സാധ്യത.
സാധ്യതാ ടീം
ഇംഗ്ലണ്ട്: ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ (C & WK), ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, സാം കറൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, റീസ് ടോപ്ലി, മാർക്ക് വുഡ്.
ഇന്ത്യ: രോഹിത് ശർമ (C), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.