ന്യൂഡല്‍ഹി: സൗരവ് ഗാംഗുലി (Sourav Ganguly) യും ജയ് ഷായും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (BCCI)യുടെ ഔദ്യോഗിക പദവിയില്‍ തുടരുമോ എന്ന് സുപ്രീംകോടതി ഓഗസ്റ്റ് 17ന് തീരുമാനിക്കും.
ഇരുവരുടെയും കാലയളവ് നീട്ടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, വിധി പറയുന്നത് ഓഗസ്റ്റ് 17ലേയ്ക്ക് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്ന ഹര്‍ജിയായിരുന്നു ഇത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടെയും കാലാവധി ഉടന്‍ അവസാനിക്കും.
സംസ്ഥാന അസോസിയേഷനിലോ BCCIയിലോ ഭാരവാഹികളായി ആറു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പിന്നീട് മൂന്നുവര്‍ഷം മാറിനില്‍ക്കണമെന്നാണ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശ.
Also read: ഈ വർഷം ട്വന്‍റി -20 ലോകകപ്പില്ല...
ഈ നിര്‍ദേശമനുസരിച്ച് ഗാംഗുലിക്കും ജയ് ഷായ്ക്കും ബി.സി.സി.ഐ ഭാരവാഹിത്വത്തില്‍ തുടരാനാകില്ല. 2019 ഒക്ടോബറിലാണ് ഇരുവരും ബി.സി.സി.ഐ ഭാരവാഹിത്വത്തിലേക്ക് എത്തിയത്. പക്ഷേ ഗാംഗുലി അഞ്ചു വര്‍ഷത്തിലധികം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഭാരവാഹിയായിരുന്നു. ഇതുപ്രകാരം ജയ് ഷായുടെ കാലാവധി മേയ് 7ന് അവസാനിച്ചിരുന്നു. ഗാംഗുലിയുടേത് ജൂലായ് 27ന് അവസാനിക്കും.
Also read: IPL 2020 UAEയില്‍ തന്നെ.... ഫൈനല്‍ നവംബറില്‍
അതേസമയം, ഔദ്യോഗിക പദവിയില്‍ ഇരുവരുടെയും കാലാവധി നീട്ടാനുള്ള മാര്‍ഗംകൂടി തേടുകയാണ് ബിസിസിഐ.
ബോര്‍ഡിന്‍റെ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് രണ്ടുതവണ ബിസിസിഐ ഇതിനോടകം സുപ്രീംകോടതിയെ സമീപിച്ചുകഴിഞ്ഞു. ബിസിസിഐക്ക് അനുകൂലമാണ് കോടതിയുടെ വിധിയെങ്കില്‍ ലോധ കമ്മിറ്റി ശുപാര്‍ശ ചെയ്ത പല പരിഷ്‌കാര നടപടികളും അസാധുവാകും.