ഐപിഎൽ മത്സരങ്ങൾ എന്നും വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളാണ് ആരാധകർക്ക് സമ്മാനിക്കാറുള്ളത്. ചിലപ്പോൾ ടീമുകൾക്ക് പകരം കളിക്കാർ തമ്മിലുള്ള പോരിനും ഐപിഎൽ വേദിയാകാറുണ്ട്. അത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഒടുവിൽ ചർച്ചയായത് ഗൗതം ഗംഭീറും വിരാട് കോഹ്ലിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്.
ഐപിഎൽ ചരിത്രത്തിലെയും ഇന്ത്യൻ ടീമിലെയും എക്കാലത്തെയും മികച്ച താരങ്ങളായിട്ടും ഗംഭീറും കോഹ്ലിയും എതിർ ടീമിലെത്തിയാൽ കീരിയും പാമ്പും പോലെയാണ്. കഴിഞ്ഞ ദിവസം ലക്നൌ സൂപ്പർ ജയൻറ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിന് ശേഷം കോഹ്ലിയും ഗംഭീറും വാക്പോരിൽ ഏർപ്പെടുന്ന കാഴ്ചയാണ് കാണാനായത്.
ALSO READ: അവസാന പന്ത് വരെ നീണ്ട് നിന്ന ത്രില്ലർ; ചെന്നൈക്കെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന ജയം
ഇതാദ്യമായല്ല ഗംഭീറും കോഹ്ലിയും നേർക്കുനേർ വരുന്നത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് 10 വർഷത്തെ പഴക്കമുണ്ട്. 2013ൽ നടന്ന ഐപിഎല്ലിലാണ് ഗംഭീറും കോഹ്ലിയും തമ്മിൽ ആദ്യമായി ഉരസലുണ്ടാകുന്നത്. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ നായകനായിരുന്നു ഗംഭീർ. ബെംഗളൂരുവിനെ നയിച്ചത് 24കാരനായ കോഹ്ലിയായിരുന്നു. ബെംഗളൂരുവിൻറെ ഹോം ഗ്രൌണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ഇരു താരങ്ങളും ഏറ്റുമുട്ടി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. 59 റൺസെടുത്ത ഗംഭീറായിരുന്നു കൊൽക്കത്തയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം ബെംഗളൂരു അനായാസമായി ചേസ് ചെയ്യുന്ന ഘട്ടത്തിൽ വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണു. 35 റൺസ് നേടിയ കോഹ്ലിയെ ലക്ഷ്മിപതി ബാലാജിയാണ് പുറത്താക്കിയത്. കോഹ്ലിയുടെ വിക്കറ്റ് ഗംഭീറും സംഘവും ആഘോഷമാക്കി.
ഔട്ടായി ഡ്രസ്സിംഗ് റൂമിലേയ്ക്ക് പോകുകയായിരുന്ന കോഹ്ലിയെ ഗംഭീർ പ്രകോപിപ്പിച്ചു. ഇതോടെ തിരികെ ക്രീസിലേയ്ക്ക് എത്തിയ കോഹ്ലി ഗംഭീറിന് നേരെ നടന്നടുത്തു. ഇരുവരും തമ്മിൽ വാക്പോരുണ്ടായി. ഈ സമയം, കൊൽക്കത്തയുടെ രജത് ഭാട്ടിയയും അമ്പയർമാരും കൃത്യ സമയത്ത് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.
വളരെ അഗ്രസീവായ രണ്ട് ക്യാപ്റ്റൻമാരാണ് കോഹ്ലിയും ഗംഭീറും എന്ന് ഈ മത്സര ശേഷം രജത് ഭാട്ടിയ പറഞ്ഞു. അത്തരം ക്യാപ്റ്റൻമാർ എപ്പോഴും വിജയത്തിനായി അവരുടെ കഴിവിൻറെ പരമാവധി ശ്രമിച്ചു കൊണ്ടേയിരിക്കും. മത്സരത്തിനിടെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് മത്സരത്തിൻറെ മാത്രം ഭാഗമാണെന്നും രജത് ഭാട്ടിയ വ്യക്തമാക്കി. എന്നാൽ, കാര്യങ്ങൾ അങ്ങനനെയല്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
ഈ സീസണിൽ സ്വന്തം കാണികൾക്ക് മുന്നിൽ ലക്നൌവിനോട് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ ലക്നൌ താരങ്ങൾ നടത്തിയ വിജയാഘോഷം വൈറലായിരുന്നു. കഴിഞ്ഞ ദിവസം ലക്നൌവിൻറെ തട്ടകത്തിലെത്തിയ ബെംഗളൂരു പകരം വീട്ടി. ചെറിയ സ്കോർ പിന്തുടരാൻ കഴിയാതെ ഓരോ ലക്നൌ താരങ്ങളും പുറത്താകുമ്പോൾ കോഹ്ലി അമിതാവേശത്തോടെ പ്രതികാരം വീട്ടുകയായിരുന്നു. മത്സര ശേഷം ഇരു ടീമിലെയും താരങ്ങൾ ഹാൻഡ് ഷേക്ക് നൽകി മടങ്ങുന്നതിനിടെ കോഹ്ലിയും ഗംഭീറും നേർക്കു നേർ എത്തി. പരസ്പരം കൈ നൽകി മടങ്ങിയ കോഹ്ലിയെ ലക്നൌ താരം കൈൽ മെയേഴ്സ് പ്രകോപിതനാക്കിയെന്നാണ് പ്രചരിക്കുന്ന വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്.
കോഹ്ലിയുടെ സമീപത്ത് നിന്ന് മെയേഴ്സിനെ തിരികെ വിളിച്ച് കൊണ്ടുപോകുന്ന മികച്ച പരിശീലകനെയാണ് ഗംഭീറിലൂടെ കണ്ടതെങ്കിൽ ഞൊടിയിടയ്ക്കുള്ളിൽ തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. ഗംഭീറും കോഹ്ലിയും വീണ്ടും മുഖാമഖം എത്തിയതോടെ സഹതാരങ്ങൾ ഇരുവരെയും പിടിച്ചുമാറ്റി. ഒരു പതിറ്റാണ്ട് മുമ്പ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൻറെ ഓർമ്മ പുതുക്കലായി ഇത് മാറി. ഗ്രൌണ്ടിലെ മോശം പെരുമാറ്റത്തിന് കോഹ്ലിയ്ക്കും ഗംഭീറിനും മാച്ച് ഫീയുടെ 100% പിഴ ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...