2018-ന് ശേഷം പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഐപിഎൽ മാമാങ്കത്തിന് തുടക്കമായി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ശേഷം ഇത്രയധികം വര്‍ണ്ണ ശബളമായ ആഘോഷങ്ങളോടെ ഐപിഎൽ ആരംഭിക്കുന്നത് ഈ വർഷമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ നരേന്ദ്ര മോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ടോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.
മന്ദിറ ബേദിയെന്ന പ്രശസ്ത അഭിനേത്രിയായിരുന്നു ചടങ്ങിന്‍റെ അവതാരകയായി എത്തിയത്. 2003 ലെയും 2007 ലെയും ക്രിക്കറ്റ് ലോക കപ്പുകളിലും ആദ്യ ഐപിഎൽ സീസണുകളിലും അവതാരകയായി തിളങ്ങിയ വ്യക്തിയായിരുന്നു മന്ദിറ ബേദി. അവരുടെ ക്രിക്കറ്റ് ലോകത്തേക്കുള്ള തിരിച്ചുവരവിനുകൂടിയായിരുന്നു 2023 ഐപിഎൽ സാക്ഷ്യം വഹിച്ചത്. ഒരു ലക്ഷത്തിലധികം കാണികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കാൻ വേദിയിൽ ആദ്യം എത്തിയത് ബോളിവുഡിലെ മിന്നും ഗായകരിലൊരാളായ അർജിത് സിങ്ങായിരുന്നു.
അദ്ദേഹം തന്‍റെ ഹിറ്റ് മെലഡികളായ കേസരിയ, ചന്നാ മേരെയാ, തുഝേ കിത്തനാ ചാഹ്നേ ലഗേ തുടങ്ങിയ ഗാനങ്ങൾ പാടി. പഠാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്‍റെ ഛൂമേ ജോ പഠാൻ എന്ന ഗാനം ആലപിച്ചപ്പോൾ കാണികൾ എല്ലാവരും മതി മറന്ന് നൃത്തം ചെയ്തു. വേദിയിൽ മാത്രം തന്‍റെ പ്രകടനത്തെ ഒതുക്കാതെ സ്റ്റേഡിയത്തിനെ ചുറ്റി തുറന്ന വാഹനത്തിൽ സഞ്ചരിച്ചും അർജിത് കാണികളെ ആവേശ ഭരിതരാക്കി.
അർജിത് സിങ്ങിന് പിന്നാലെ മനോഹരമായ ഡാൻസ് നമ്പറുകളുമായി സ്റ്റേജിലെത്തിയത് പ്രശസ്ത അഭിനേതാവ് തമന്ന ഭാട്ടിയയായിരുന്നു. ഊ അണ്ട വാവാ തുടങ്ങി വിവിധ ഗാനങ്ങള്‍ക്ക് തമന്ന ചുവടുവച്ചപ്പോൾ കാണികളുടെ ആവേശം ഇരട്ടിച്ചു. തമന്നയ്ക്ക് പിന്നാലെ വേദിയിലെത്തിയത് നാഷണൽ ക്രഷ് എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രഷ്മിക മന്ദാനയാണ്.
പുഷ്പ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലെ സാമി എന്ന ഗാനത്തിനായിരുന്നു രഷ്മിക ആദ്യം ചുവട് വച്ചത്. എങ്കിലും ആരാധകർ ഇളകി മറിഞ്ഞത് ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനമായ നാട്ടു നാട്ടു എന്ന ഗാനത്തിന് വേണ്ടി രഷ്മിക നൃത്തം ചെയ്തപ്പോഴായിരുന്നു. കലാ പ്രകടനങ്ങൾക്ക് ശേഷമായിരുന്നു ഏവരും കാത്തിരുന്ന ഇന്നത്തെ മത്സരത്തിലെ സൂപ്പർ സ്റ്റാറുകളായ ഇരു ക്യാപ്റ്റന്മാരും വേദിയിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...