India Vs New Zealand Test: കോലിയും രാഹുലും അടക്കം 5 'ഡക്ക്'! ബെംഗളൂരുവില്‍ ഇന്ത്യന്‍ ചരമഗീതമൊരുക്കി കിവികള്‍... 46 ന് ഓളൗട്ട്

India Vs New Zealand First Test: യശസ്വി ജെയ്സ്വാളിനും ഋഷഭ് പന്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 20 റൺസ് എടുത്ത പന്ത് ആണ് ടോപ് സ്കോറർ.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 04:22 PM IST
  • വിരാട് കോലി ആണ് ആദ്യം ഡക്ക് ആയ ഇന്ത്യൻ താരം
  • തൊട്ടുപിറകെ സർഫറാസ് ഖാനും പൂജ്യത്തിന് പുറത്തായി
  • കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് പൂജ്യത്തിന് പുറത്തായ മറ്റ് താരങ്ങൾ
India Vs New Zealand Test: കോലിയും രാഹുലും അടക്കം 5 'ഡക്ക്'! ബെംഗളൂരുവില്‍ ഇന്ത്യന്‍ ചരമഗീതമൊരുക്കി കിവികള്‍... 46 ന് ഓളൗട്ട്

ബംഗ്ലാദേശിനെതിരെ വമ്പ് കാണിച്ച ഇന്ത്യന്‍ പുലികള്‍ കിവികള്‍ക്ക് മുന്നില്‍ നാണംകെട്ട് അടിയറവ് പറഞ്ഞു. ന്യൂസിലാന്റിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ വെറും 46 റണ്‍സിനാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഓളൗട്ട് ആയത്. അതും 31.2 ഓവറില്‍! ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടെസ്റ്റ് സ്കോർ ആണിത്.

ടിം സൗത്തി തുടങ്ങി വച്ച ആക്രമണം വില്യം ഒറൂക്കും മാറ്റ് ഹെന്‍ട്രിയും പാരമ്യത്തില്‍ എത്തിച്ചപ്പോള്‍ പെരുമകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നുവീണു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ ആയിരുന്നു ആദ്യം പവലിയനിലേക്ക് മടങ്ങിയത്. ടിം സൗത്തിയുടെ ഇന്‍സ്വിങ്ങറില്‍ വിക്കറ്റ് തെറിച്ച് രോഹിത് മടങ്ങുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 2 ഉം ടീം സ്‌കോര്‍ 9 ഉം ആയിരുന്നു.

പിന്നീട് കണ്ടത് ഒറൂക്കിന്റേയും ഹെന്‍ട്രിയുടേയും മാരക ആക്രമണം ആയിരുന്നു. വിരാട് കോലിയെ പുറത്താക്കിക്കൊണ്ടായിരുന്നു ഒറൂക്കിന്റെ തുടക്കം. ഡക്കായിട്ടായിരുന്നു കോലിയുടെ മടക്കം. തൊട്ടുപിറകെ എത്തിയ സര്‍ഫറാസ് ഖാനെ മാറ്റ് ഹെന്‍ട്രി ഡക്ക് ആക്കി മടക്കി. അതിന് ശേഷം എത്തിയ ഋഷഭ് പന്താണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 49 പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയോടെ പന്ത് നേടിയത് 20 റണ്‍സ് ആയിരുന്നു. രണ്ടക്കം കടന്ന മറ്റൊരു താരം ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ആയിരുന്നു. 63 പന്തില്‍ 13 റണ്‍സെടുത്ത ജെയ്‌സ്വാളിനെ മടക്കി അയച്ചത് ഒറൂക്ക് തന്നെ ആയിരുന്നു.

കോലിയേയും സര്‍ഫറാസിനേയും കൂടാതെ മൂന്ന് പേര്‍ കൂടി 'സംപൂജ്യര്‍' ആയി മടങ്ങി. കെഎല്‍ രാഹുലും രവീന്ദ്ര ഡജേഡയും പിന്നെ രവിചന്ദ്രന്‍ അശ്വിനും! രാഹുലിന്റെ വിക്കറ്റ് ഒറൂക്കും രവീന്ദ്ര ജഡേജയുടേയും അശ്വിന്റേയും വിക്കറ്റുകള്‍ ഹെന്‍ട്രിയും സ്വന്തമാക്കി. പിന്നീട് ഒരു പ്രതിരോധവും ഇന്ത്യന്‍ നിരയില്‍ നിന്ന് ഉയര്‍ന്നുവന്നിസ്സ. കുല്‍ദീപ് യാദവ് രണ്ട് റണ്‍സിനും ജസ്പ്രീത് ബുംറ ഒരു റണ്ണിനും പുറത്തായി. നാല് റണ്‍സ് നേടി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

ടിം സൗത്തി ആകെ എറിഞ്ഞത് ആറ് ഓവറുകള്‍ ആയിരുന്നു. അതില്‍ നാലെണ്ണവും മെയ്ഡന്‍ ഓവറുകള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍, എന്തായിരുന്നു ഇന്ത്യന്‍ ടീമിന്റെ അവസ്ഥ എന്ന് മനസ്സിലാക്കാം. 13.2 ഓവറുകള്‍ എറിഞ്ഞ മാറ്റ് ഹെന്‍ട്രി ആകെ വിട്ടുകൊടുത് 15 റണ്‍സ് ആണ്. മൂന്ന് മെയ്ഡന്‍ ഓവറുകളും അഞ്ച് വിക്കറ്റുകളും സ്വന്തമാക്കി. 12 ഓവറുകള്‍ എറിഞ്ഞ വില്യം ഒറൂക്ക് ആറ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞു. നാല് വിക്കറ്റുകളും സ്വന്തമാക്കി. 

ഇന്ത്യന്‍ ടീമിന്റെ നില കൂടുതല്‍ പരിപാതപകരമാകുമെന്ന് ഉറപ്പിക്കാവുന്ന പ്രകടനത്തോടെയാണ് ന്യൂസിലാന്റ് അവരുടെ മറുപടി ബാറ്റിങ് തുടങ്ങിയത്. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലഥാമിനെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും മികച്ച മുന്നേറ്റമാണ് കിവികള്‍ നടത്തുന്നത്. ഡെവോണ്‍ കോണ്‍വോയ് 54 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏഴ് ബൗണ്ടറികളുടേയും രണ്ട് സിക്‌സറുകളുടേയും അകമ്പടിയോടെ ആയിരുന്നു ആ മനോഹര അര്‍ദ്ധസെഞ്ച്വറി. 28-ാം ഓവറില്‍ ന്യൂസിലാന്റ് 100 റണ്‍സ് മറികടക്കുകയും ചെയ്തു.

 

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News