രാജ്യാന്തര ക്രിക്കറ്റിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ സീ മീഡിയയോട് നടത്തിയത്. താരങ്ങൾ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുൾപ്പെടെ നിരവധി കാര്യങ്ങൾ ചേതൻ ശർമ തുറന്നു പറഞ്ഞിരിക്കുകയാണ്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ബിസിസിഐ സെലക്ഷൻ മീറ്റിംഗുകളിൽ എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടിക്കുന്ന ചില വിവരങ്ങൾ ചേതൻ ശർമ്മ നൽകി. 2021-ൽ വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ബോർഡ് തരംതാഴ്ത്തിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കോലി ഒരിക്കലും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ടീമിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കോഹ്ലി കഴിഞ്ഞാൽ പിന്നെ അടുത്ത മികച്ച ചോയ്സ് രോഹിത് ആയിരുന്നുവെന്നാണ് ശർമ പറഞ്ഞത്.
കോഹ്ലിയോടുള്ള എതിർപ്പായിരുന്നു രോഹിത് ശർമയെ ക്യാപ്റ്റനാക്കിയത്. വിരാടിന്റെ മോശം ഫോം മുതലെടുത്ത് ബിസിസിഐ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. രാജ്യത്തെ ഒന്നാം നമ്പർ ബാറ്ററോട് ഇങ്ങനെ പെരുമാറരുത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും തമ്മിൽ യുദ്ധമൊന്നുമില്ല. എന്നാൽ രണ്ട് പേർക്കുമിടയിൽ ഈഗോ ഉണ്ട്. പക്ഷേ അത് ഒരിക്കലും അവരുടെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നും ചേതൻ ശർമ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു വിരാട് കോലിയും രോഹിത് ശർമ്മയും. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ മാച്ച് വിന്നർമാർ ശർമ്മയും കോഹ്‌ലിയുമാണ്. 2013-ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൽ കളിച്ച ജോഡി സമീപ വർഷങ്ങളിൽ നിരവധി വിജയങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ചു. കളിക്കളത്തിന് പുറത്ത് ഇരുവരും മികച്ച ബന്ധം പുലർത്തുന്നില്ലെങ്കിലും അത് അവരുടെ പ്രകടനത്തെ ഒരിക്കലും പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ബിസിസിഐ ചീഫ് സെലക്ടർ വെളിപ്പെടുത്തുന്നു.
അതേസമയം വിക്കറ്റ് കീപ്പറായി ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജു സാംസൺ ആണെന്നും എന്നാൽ ടീം സെലക്ഷനിൽ ഏറ്റവും വലിയ പരിഗണന നൽകുന്നത് ഇഷാൻ കിഷനാണെന്നും ചേതൻ ശർമ പറഞ്ഞു. റിഷഭ് പന്ത് വാഹനപകടത്തിൽ പരിക്കേറ്റതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഇഷാൻ. പരിക്കേറ്റ സഞ്ജു സാംസൺ ഒരു കെണിയിൽ പെട്ട അവസ്ഥയിലാണെന്ന് ചേതൻ ശർമ്മ പറഞ്ഞു. ഇഷാൻ കിഷൻ കാരണം സഞ്ജു, ശിഖർ ധവാൻ, കെഎൽ രാഹുൽ എന്നിവരുടെ കരിയറിനെയാണ് ബാധിക്കാൻ പോകുന്നതെന്നും ശർമ്മ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...