ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെതിരെ സൈബര്‍ ആക്രമണം. വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി പങ്കുവച്ച ചിത്രത്തെ ചൊല്ലിയാണ് ആക്രമണം. നെറ്റിയില്‍ കുറിതൊട്ട് താരം പങ്കുവച്ച ചിത്രത്തിനെതിരെയാണ് സൈബര്‍ ആക്രമണം നടന്നത്. മുസ്ലീമായ താരം എന്തിനാണ് ഹിന്ദുക്കളുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതെന്ന് ചോദിച്ചാണ് ആക്രമണം.
''പ്രാര്‍ത്ഥന കഴിഞ്ഞു. ഈ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി നിങ്ങളെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ.'' -ഇങ്ങനെ കുറിച്ചാണ് ഷാരൂഖ് (Shahrukh Khan) ചിത്രങ്ങള്‍ പങ്കുവച്ചത്. ഷാരൂഖ് ഖാന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു പല കമന്‍റുകളും. നിങ്ങള്‍ എന്ത് മുസ്ലീമാണെന്നും ഇങ്ങനെ ചെയ്താല്‍ എങ്ങനെയാണ് അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കുകയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്.
കൂടാതെ, നെറ്റിയില്‍ കുറിതൊട്ട് മുസ്ലീങ്ങളുടെ പേര് ചീത്തയാക്കരുതെന്നും ഷാരൂഖ് ഖാന്‍ എന്ന പേര് മാറ്റി സുരേഷ് കുമാര്‍ എന്ന് പേര്‍ സ്വീകരിക്കൂവെന്നും കമന്‍റുകളുണ്ട്. എന്നാല്‍, ഷാരൂഖിനെ പിന്തുണച്ചും നിരവധി പേര്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എല്ലാ മതങ്ങളുടെ ആഘോഷത്തിലും പങ്കെടുക്കുന്ന ഒരു യദാര്‍ത്ഥ ഭാരതീയനാണ് അദ്ദേഹമെന്നാണ് അവര്‍ പറയുന്നത്. ഷാരൂഖ് ഖാന് പുറമേ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കെടുത്ത സല്‍മാന്‍ ഖാന് (Salman Khan) നേരെയും സമാന സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു.