മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ വോള്‍സ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഐറിഷ് താരം റേ സ്റ്റീവന്‍സണ്‍ (58) അന്തരിച്ചു. എസ്എസ് രാജമൗലിയുടെ ആർആർആരിലൂടെയാണ് റേ ഇന്ത്യൻ പ്രേക്ഷകർക്കും കൂടുതൽ സുപരിചിതനായി മാറിയത്. ആർആർആറിൽ വില്ലനായ ഗവർണറുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
1964 മെയ് 25 ന് ലിസ്ബേണിലാണ് റേ സ്റ്റീവന്‍സൺ ജനിച്ചത്.എട്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ ഓള്‍ഡ് വിക് തിയേറ്റര്‍ സ്കൂളില്‍ ചേര്‍ന്നു. തുടർന്ന് 29-ാം വയസ്സില്‍ അദ്ദേഹം കോളേജ് പഠനം പൂര്‍ത്തിയാക്കി. ബ്രിട്ടീഷ് ടെലിവിഷനിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ശേഷം അഭിനയരംഗത്തേക്ക് കടന്നു. 1998ൽ പോൾ ഗ്രീൻഗ്രാസിന്റെ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന ചിത്രത്തിലാണ് റേ ആദ്യമായി അഭിനയിച്ചത്.
Also Read: Actor Aditya Singh Rajput : ബോളിവുഡ് നടൻ ആദിത്യ സിങ് രജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പണിഷര്‍: വാര്‍ സോൺ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. മാര്‍വെലിന്‍റെ തോര്‍ സിനിമകളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ആര്‍ആര്‍ആറിന് ശേഷം ആക്സിഡന്‍റ് മാന്‍: ഹിറ്റ്മാന്‍സ് ഹോളിഡേ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. എച്ച്ബിഒയുടെയും ബിബിസിയുടെയും സിരീസ് ആയ റോമിന്‍റെ 22 എപ്പിസോഡുകളിലും റേ സ്റ്റീവന്‍സൺ അഭിനയിച്ചിട്ടുണ്ട്. 1242: ഗേറ്റ്‍വേ ടു ദി വെസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ ഈയിടെ അദ്ദേഹം ഒപ്പു വച്ചിരുന്നു. ഒരു ഹംഗേറിയന്‍ പുരോഹിതന്‍റെ വേഷമാണ് ഇതില്‍ ചെയ്യേണ്ടിയിരുന്നത്.
ആർആർആർ സംവിധായകൻ എസ്എസ് രാജമൗലി ഉൾപ്പെടെയുള്ളവർ റേയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇറ്റാലിയൻ ആന്ത്രോപോളജിസ്റ്റ് എലിസബെറ്റ കരാസിയ ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...