വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നെയ്മർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. സുധി മാഡിസൺ ഒരുക്കുന്ന ചിത്രം മെയ് 12ന് തിയേറ്ററുകളിലെത്തും. നേരത്തെ മാർച്ചിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ റിലീസ് വൈകി. പുതിയ തിയതി മെയ് 12 ആണെന്ന് അണിയറക്കാർ വ്യക്തമാക്കി. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്.
ചിത്രത്തിലെ അടുത്തിടെ പുറത്തിറങ്ങിയ 'ശുനക യുവരാജനിവൻ' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കുസൃതിത്തരങ്ങൾ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളർത്തുനായയാണ് സിനിമയിലെ 'നെയ്മർ'. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പൻ. അയൽ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴി ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിൻ്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങൾ മാത്രം.
എൺപത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവർത്തകർ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടൻ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചിരിക്കുന്നത്. ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ സംവിധായകൻ സുധി മാഡിസൻ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. മലയാളം - തമിഴ് പശ്ചാത്തലത്തിൽ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ചത് ആദർശും പോൾസനും ചേർന്നാണ്. ദേശീയ പുരസ്കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം.
നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്ദുള്ളയാണ്. ഫീനിക്സ് പ്രഭു ആക്ഷൻ കോറിയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് ജസ്റ്റിൻ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ഉദയ് രാമചന്ദ്രനാണ് എക്സിക്യുട്ടിവ് പ്രൊഡ്യൂസർ. ചിത്രം പാൻ ഇന്ത്യാ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...