കൊച്ചി: അന്തരിച്ച ഹാസ്യതാരം കൊല്ലം സുധിയുടെ മരണത്തിൽ നിരവധി സിനിമാതാരങ്ങളാണാ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ അനുശോചനം അറിയിച്ചത്. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധിയെന്ന് നടൻ ഷമ്മി തിലകൻ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെയെന്ന് ഷമ്മി തിലകൻ.
ഷമ്മി തിലകൻറെ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലം_സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്. അനിതരസാധാരണമായ നടനചാരുതയിലൂടെയും, തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടം നേടിയവനാണ് സുധി.പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്.അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും.ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു.
സ്വന്തം സഹോദരങ്ങളിൽ നിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട് ഒപ്പം.അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്.കഷ്ടപ്പാടുകളുടെയും, പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ..!
വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും, പ്രിയപ്പെട്ടവരോടും, ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...