തിരുവനന്തപുരം: ബംഗ്ലാദേശിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയുടെ ജീവിതപോരാട്ടത്തിന്റെ കഥ പറയുന്ന രഹന മറിയം നൂർ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകൾക്കും കോളേജിലെ വിദ്യാർഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. കനക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനദിവസം രാത്രിയാണ് ചിത്രം പ്രദർശിപ്പിക്കുക.
രഹന മറിയം നൂർ എന്ന ചിത്രം ബംഗ്ലാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയുടെ ജീവിത പോരാട്ടത്തിലെ കഥയാണ് വെളിവാക്കുന്നത്. അധ്യാപികയുടെ പോരാട്ടത്തിൻ്റെ ജീവിതകഥ പറയുന്ന ഈ ചിത്രം ഓസ്കാർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ലാദേശി ചിത്രം എന്നീ ബഹുമതികൾ സ്വന്തമാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അബ്ദുള്ള മുഹമ്മദ് സാദാണ്. ഏഷ്യ പസഫിക് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത് എന്നുള്ളതും പ്രത്യേകതയാണ്.
അതേസമയം, മറ്റന്നാൾ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇക്കുറിയും പ്രധാനവേദി വഴുതക്കാട് ടാഗോർ തിയേറ്റർ തന്നെയാണ്. 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് ചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി ഏഴു വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയ്യേറ്ററുകളിലെ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് ,നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതിനിടെ, ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷന്‍ വെള്ളിയാഴ്ച തുടക്കമാകും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവേഷൻ ചെയ്യാവുന്നതാണ്. 24 മണിക്കൂറിന് മുൻപ് വേണം ചിത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്.
രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്.
നിശാഗന്ധി ഓപ്പൺ തിയേറ്ററിലൊഴികെ മറ്റെല്ലാ തിയേറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.