സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹിഗ്വിയുടെ പ്രീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ പുതിയ ട്രെയ്‌ലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കുറച്ച് രാഷ്ട്രീയ പ്രവർത്തകരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. വിവാദങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. മാർച്ച് 31ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹിഗ്വിറ്റ.
ചിത്രത്തിൻറെ ആദ്യ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന സിനിമയാണ് ഹിഗ്വിറ്റയെന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമാണ് ഹിഗ്വിറ്റ. ആദ്യാമായാണ് ഒരു സിനിമയുടെ പേരിൽ സിനിമാ സാഹിത്യ മേഖലയിൽ വാദ പ്രതിവാദങ്ങൾ നടന്നത്. ഹിഗ്വിറ്റ എന്ന പേര് വിവാദമായതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസിന് തടസം നേരിട്ടിരുന്നു.
എഴുത്തുകാരൻ എൻ എസ് മാധവനാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നത്. എൻ എസ് മാധവന്റെ ചെറുകഥയുടെ പേര് ഹിഗ്വിറ്റയാണെന്നും അതേ പേരിലുള്ള സിനിമയ്ക്ക് അനുമതി നൽകരുതെന്നും എഴുത്തുകാരൻ ആവശ്യപ്പെട്ടു. എഴുത്തുകാരന്റെ ആവശ്യപ്രകാരം ഫിലിം ചേംബർ സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുന്നത്.
സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിർമ്മാണം.കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയിൽ പാർസ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ, മനോജ് കെ ജയൻ, ഇന്ദ്രൻസ്, സങ്കീർത്തന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസിൽ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുൽ രാജും പശ്ചാത്തല സംഗീതം ഡോൺ വിൻസന്റും നിർവഹിക്കുന്നു. വാർത്താ പ്രചാരണം : പി ആർ ഓ പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...