ആരാധകരുടെ അഭിമാനമായ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ (Rajinikanth) എഴുപതാം പിറന്നാൾ ആണിന്ന്. ജനനം 1950 ഡിസംബർ 12 നായിരുന്നു. താരം എഴുപതിന്റെ നിറവിൽ നിൽക്കുമ്പോഴും താരത്തിന്റെ സജീവരാഷ്ട്രീയ പ്രവേശനത്തിന്റെ കത്തിരിപ്പിലാണ് ആരാധകർ.
താരത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളാണ് ആരാധകർ ഏർപ്പെടുത്തിയിരുന്നത്.
2000 ൽ പത്മഭൂഷണ്‍ നൽകി രജനീകാന്തിനെ രാജ്യം ആദരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും അദ്ദേഹത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
മക്കളിൽ ഇളയ ആളായിരുന്നു ശിവാജി എന്ന രജനികാന്ത് (Rajinikanth). അതുകൊണ്ടുതന്നെ ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോണ്സ്റ്റബിളാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം. എന്നാൽ സിനിമാ തലയ്ക്ക് പിടിച്ച രജനികാന്ത് മദ്രാസിലേക്ക് (Madras) പുറപ്പെടുകയായിരുന്നു. എന്നാൽ ഒരവസരവും ലഭിച്ചില്ല. ശേഷം തിരിച്ച് ബാംഗളൂരുവിലേക്ക് പോകുകയായിരുന്നു.
ശേഷം മൂത്ത സഹോദരന്റെ സഹായത്തോടെ കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നേടി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും അദ്ദേഹം നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. അപ്പോഴാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളില്‍ വന്നത്.
അതിന് അപേക്ഷിച്ച് 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന രജനികാന്ത് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുത്തത് സുഹൃത്തായ രാജ് ബഹാദൂര്‍ ആയിരുന്നു. 1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനികാന്തിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.
എന്നാൽ ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്ന സംവിധായകന് എസ്.പി. മുത്തുരാമനാണ്. മുത്തുരാമന് സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി.
രജനിയുടെ (Rajinikanth) അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം 1980-കളാണ് പറയാം. രജനി അഭിനയം നിര്‍ത്തുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചന് നായകനായ ഡോണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. ശേഷം നായകന് എന്ന നിലയില്‍ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി.
രജനികാന്തിന് ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ ഇവയൊക്കെയാണ്
1894 ൽ തമിഴ്നാട് (Tamil Nadu) സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, 1989 ൽ തമിഴ്നാട് സര്‍ക്കാരിന്റെ എം.ജി.ആര് അവാര്‍ഡ്, 1995 ൽ നടിഗര്‍ സംഘത്തിന്റെ കലൈചെല്‍വം അവാര്‍ഡ്, 2000 ൽ ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മഭൂഷണ്‍ അവാര്‍ഡ്, 2007 ൽ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാജ്കപൂര്‍ അവാര്‍ഡ്, 2016 ൽ ഇന്ത്യന്‍ സര്‍ക്കാരിന്റെ പത്മവിഭൂഷണ്‍ അവാര്‍ഡ്.
എന്തൊക്കെയായാലും ഇപ്പോൾ ആരാധകർ ആർത്തുവിളിച്ച് നിൽക്കുന്നത് രജനിയുടെ പാർട്ടി പ്രവേശനമാണ്. 2021 ആദ്യം രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എഴുപതിന്റെ നിറവിൽ നിൽക്കുന്ന രാജനികാന്തിന് ZEE HINDUSTAN മലയാളം ടീമിന്റെ വക പിറന്നാൾ ആശംസകൾ...