കാലാന്തരങ്ങള്‍ക്കിപ്പുറം പുനസൃഷ്ടിക്കപ്പെട്ട 'ഏകാന്തതയുടെ അപാരതീരം' എന്ന ഗാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകര്‍. മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ പുനരാവിഷ്‌ക്കരിക്കുന്ന നീലവെളിച്ചം എന്ന സിനിമയിലെ രണ്ടാമത്തെ ഗാനമായാണ് മലയാളികളെ വിസ്മയിപ്പിച്ച 'ഏകാന്തതയുടെ അപാരതീരം' എന്ന അനശ്വരഗാനം പുതിയ രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. എം.എസ് ബാബുരാജ് ഈണം പകര്‍ന്ന് പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരികളെഴുതി കമുകറ പുരുഷോത്തമന്‍ ആലപിച്ച ഈ അനശ്വരഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമനാണ് ആലപിച്ചിരിക്കുന്നത്. തലമുറകള്‍ പാടി നടന്ന വിരഹത്തിന്റെയും ഏകാന്തതയുടേയും സ്പന്ദനമുള്ള ഗാനത്തിന്റെ പുതിയപതിപ്പ് ആലപിച്ചതിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ ഷഹബാസ് അമന്‍.
ഗാനം ആലപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ വലിയ ഒരു ഭാഗ്യമാണെന്നും മറ്റൊരു തരത്തില്‍ നോക്കിയാലോ, കാലത്തിന്റെ അതികഠിനമായ ഒരു പരീക്ഷണവുമാണെന്ന് അദ്ദേഹം പറയുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഷഹബാസിന്റെ പ്രതികരണം. ഭാര്‍ഗ്ഗവീ നിലയത്തില്‍ നിന്നും നീലവെളിച്ചം വ്യത്യാസപ്പെട്ടിരിക്കുന്നത് തിയറ്ററില്‍ അനുഭവിക്കേണ്ട ശബ്ദങ്ങളിലും നിറങ്ങളിലുമാണെന്നും അല്ലാതെ 'ഗാനാലാപന മേന്മയാല്‍' അല്ല എന്നും അദ്ദേഹം പറയുന്നു. ഷഹബാസ് അമന്റെ വാക്കുകള്‍ ഇങ്ങനെ- 'മലയാളത്തിന്റെ മഹാഗാനങ്ങളിലൊന്ന്!
എം.എസ് ബാബുരാജിന്റെ വ്യത്യസ്തങ്ങളായ കടലീണങ്ങളില്‍ ഏറ്റവും വേറിട്ടത്! ശ്രീ കമുകറ പുരുഷോത്തമന്‍ തന്റെ ഗരിമയാര്‍ന്ന ശബ്ദത്തില്‍ തിരകളുടെ നിമ്‌നോന്നതങ്ങള്‍ക്കൊപ്പം പാടി അനശ്വരമാക്കിയത്! പ്രണയത്തിന്റെ ഇങ്ങേക്കരയല്ല അങ്ങേക്കര! സഞ്ചാരപഥങ്ങള്‍ക്കൊടുവില്‍ കാമുകര്‍ക്ക് വിധിച്ചിരിക്കുന്നു ഏകാന്തത എന്ന് പി.ഭാസ്‌ക്കരന്‍ തന്റെ വാക്കില്‍ നിന്ന് പ്രേമപ്രതീക്ഷയുടെ മധുരത്തെ എടുത്ത് കളഞ്ഞ്, വെളിപ്പെട്ട സത്യത്തെ കനപ്പിച്ച് വെച്ചത്! 'മഹാതീരം' എന്ന വാക്ക് ബഷീര്‍, കവിക്ക് പാട്ടെഴുതാന്‍ നീട്ടിക്കൊടുത്ത കറുത്ത കട്ടിപ്പേനയെന്ന് ചരിത്രം മൊഴിഞ്ഞത്!
Also Read: Ram Charan Dance: മെയിൻ ഖിലാഡിക്ക് ചുവടുവെച്ച് രാം ചരണും ഗണേഷ് ആചാര്യയും; ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ
ഭാര്‍ഗ്ഗവീ നിലയത്തില്‍ നിന്നും നീലവെളിച്ചം വ്യത്യാസപ്പെട്ടിരിക്കുന്നത് തിയറ്ററില്‍ അനുഭവിക്കേണ്ട ശബ്ദങ്ങളിലും നിറങ്ങളിലുമാണു! അല്ലാതെ 'ഗാനാലാപന മേന്മയാല്‍' അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! അതൊക്കെ മാസ്റ്റേഴ്‌സ് എന്നോ അനശ്വരമാക്കിക്കഴിഞ്ഞതാണു! അവ ഇന്നും നില്‍ക്കുന്നു! ആകാശഭൂമികളുള്ളിടത്തോളം ഉണ്ടാവുകയും ചെയ്യും!
പക്ഷേ ഇവിടെ നീലവെളിച്ചത്തിന്റെ സംവിധായകന്‍ കാലാനുസൃതമായി ഗാനങ്ങളടക്കം എല്ലാം പുനസൃഷ്ടിച്ചപ്പോള്‍ ഇത് പാടാന്‍ 'തെരഞ്ഞെടുക്കപ്പെട്ടു' എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ വലിയ ഒരു ഭാഗ്യമാണു! പക്ഷെ മറ്റൊരു തരത്തില്‍ നോക്കിയാലോ, കാലത്തിന്റെ അതികഠിനമായ ഒരു പരീക്ഷണവും! ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിനു വലിയ നന്ദി! ????
എല്ലാവരോടും സ്‌നേഹം...'
ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ്, സാരംഗി മനോമണി. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.
ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍.
മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, നിക്‌സണ്‍ ജോര്‍ജ്. സ്ട്രിംഗ്സ് ഫ്രാന്‍സിസ് സേവ്യര്‍, ഹെറാള്‍ഡ്, ജോസുകുട്ടി, കരോള്‍ ജോര്‍ജ്, ഫ്രാന്‍സിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍. സംഘട്ടനം സുപ്രീം സുന്ദര്‍, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാന്‍സിറ്റി. പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...