Cyber Attack Against Dhanush: ധനുഷിന്റെ ശ്രമം അടുത്ത രജനീകാന്താവാനോ? താരത്തെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

Dhanush Cyber Trolls: ചേരിയിൽ നിന്ന് വന്നവർ ചേരിയിൽ തന്നെ എന്നും താമസിക്കണോ എന്ന ധനുഷിന്റെ ചോദ്യമാണ് പലരേയും ചൊടിപ്പിച്ചത്. ധനുഷിനെ നെപ്പോ കിഡ് എന്ന് വിശേഷിപ്പിക്കുന്നവരാണ് ഇവർ.

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 03:25 PM IST
  • പോയസ് ഗാർഡനിൽ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്
  • ധനുഷ് കടന്നുവന്നത് അത്ര വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടാതെ ആണെന്നും ചിലർ പറയുന്നു
  • രജനികാന്തിനെ പോലെ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണെന്നും ചിലർ വിമർശിക്കുന്നു
Cyber Attack Against Dhanush: ധനുഷിന്റെ ശ്രമം അടുത്ത രജനീകാന്താവാനോ? താരത്തെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ട്രോളുകൾക്കും വഴിയൊരുക്കി നടന്‍ ധനുഷിന്റെ പരാമര്‍ശം. പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് ട്രോളുകള്‍ക്ക് കാരണമായത്. കഴിഞ്ഞ ദിവസം രായന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയ പരാമര്‍ശം നടത്തിയത്. ധനുഷിന്റെ ശ്രമം അടുത്ത രജനീകാന്താവാനാണോ എന്ന തരത്തിലുള്ള കമന്റുകളും ട്രോളുകളും ആണ് സോഷ്യല്‍ മീഡിയ നിറയെ.
 
പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിയതിനെ പറ്റി ചില കാര്യങ്ങളായിരുന്നു ധനുഷ് പരിപാടിയ്ക്കിടെ പങ്കുവച്ചത്. ഇത്രയും വലിയ ച‍ർച്ചയാകും എന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ ചെറിയൊരു അപ്പാർ‌ട്ട്മെന്റ് മാത്രമേ വാങ്ങുമായിരുന്നുള്ളു എന്നും ധനുഷ് പറഞ്ഞു. ഞാൻ തെരുവിൽ കഴിയുന്ന ആളാണെങ്കിൽ എന്നും തെരുവിൽ തന്നെ കഴിയണം എന്നുണ്ടോ എന്നും ധനുഷ് ചോദിച്ചു. ഈ ചോദ്യമായിരുന്നു ട്രോളൻമാരേയും വിമ‍ർശകരേയും ഏറെ ചൊടിപ്പിച്ചത്. രജനികാന്ത്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയ പ്രമുഖര്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിക്കണമെന്നത് പതിനാറാമത്തെ വയസ്സില്‍ താന്‍ കണ്ട സ്വപ്‌നമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കഥയ്ക്ക് രജനീകാന്ത് മുമ്പ് പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ ജീവിത കഥയുമായി സാമ്യമുണ്ടെന്നും ധനുഷ് അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖ സംവിധായകനായ കസ്തൂരി രാജയുടെ മകനായിരുന്നിട്ടും, പുറത്തു നിന്ന് വന്നൊരാള്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ ധനുഷ് ശ്രമിക്കുന്നു എന്നാണ് പരിഹാസം. സമ്പന്ന കുടുംബത്തിലെ ഒരംഗത്തിന് പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിക്കുന്നത് വലിയ കാര്യമാണോ, നെപ്പോ കിഡിന്റെ കുട്ടികാലം ഒരു ശരാശരി ജീവിതമായിരുന്നോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

'പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിയതിന് പിന്നില്‍ ഒരു കഥയുണ്ട്. പതിനാറാമത്തെ വയസ്സില്‍ ഞാനും സുഹൃത്തും കൂടി കത്തീഡ്രല്‍ റോഡില്‍ കൂടി പോവുകയായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ ഞാനാരുടെ ആരാധകനാണെന്ന്. അതുകൊണ്ട് തന്നെ തലൈവരുടെ വീട് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട് കാണാന്‍ പോയി. അവിടെ നിന്നിരുന്ന പോലീസ്‌കാര്‍ ഞങ്ങള്‍ക്ക് വീട് കാണിച്ചു തരികയും പെട്ടെന്ന് തിരിച്ചുപോകുവാനും ആവശ്യപ്പെട്ടു. തിരിച്ചു പോകുവാനൊരുങ്ങുമ്പോഴാണ് അടുത്തൊരു വീട്ടില്‍ ആളുകള്‍ കൂടിയിരിക്കുന്നത് ശ്രദ്ധിച്ചത്. അവിടെ നിന്നവരോട് തിരക്കിയപ്പോള്‍ അത് ജയലളിത അമ്മയുടെ വീടാണെന്ന് പറഞ്ഞു. ഒരിടത്ത് തലൈവരുടെ വീട് തൊട്ടടുത്ത് ജയലളിത അമ്മയുടെ വീട്. അന്ന് താന്‍ സ്വപ്‌നം കണ്ടെതാണ് എനിക്കും അവിടെയൊരു വീട് വേണമെന്ന്. അതിന് വേണ്ടി ഞാന്‍ പരിശ്രമിച്ചു. പോയസ് ഗാര്‍ഡനിലെ എന്റെ വീട് അന്നത്തെ പതിനാറുക്കാരനായ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ ശരിയായ പേര്) വേണ്ടിയുള്ള സമ്മാനമാണ്'എന്നാണ് താരം പറഞ്ഞത്. 

കസ്തൂരി രാജയുടെ മകനായ ധനുഷ്, അച്ഛന്റെ സിനിമയിലൂടെ ആണ് അഭിനയരംഗത്ത് വരുന്നത്. 2002 ൽ പുറത്തിറങ്ങിയ തുള്ളുവതോ ഇളമെയ് എന്ന ചിത്രം അന്നത്തെ സ്ലീപ്പർ ഹിറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സഹോദരൻ സെൽവരാഘവൻ ആയിരുന്നു തുള്ളുവതോ ഇളമെയ്യുടെ കഥയും തിരക്കഥയും ഒരുക്കിയത്. പിന്നീട് തമിഴ് സിനിമാലോകത്തെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ധനുഷ് വളർന്നു. രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ആണ് വിവാഹം കഴിച്ചത്. എന്നാൽ അടുത്തിടെ രണ്ട് പേരും വിവാഹമോചനം നേടി. ഐശ്വര്യയുമായി പിരിഞ്ഞതിന് പിറകെ ആണ് ധനുഷ് പോയസ് ഗാർഡനിൽ കോടികൾ മുടക്കി വീട് വാങ്ങിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News