ആർ.ആർ.ആർ, കശ്മീർ ഫയൽസ് തുടങ്ങി വൻ പ്രേക്ഷക പിൻതുണ നേടിയ ചിത്രങ്ങളെ പിൻതള്ളി ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ സബ്മിഷൻ ആകാൻ പോകുന്ന ചിത്രമാണ് ദി ലാസ്റ്റ് ഫിലിം ഷോ എന്ന ഗുജറാത്തി ചിത്രം. ഈ ചിത്രം ഇന്ത്യയുടെ ഓസ്കാർ സബ്മിഷൻ ആകാൻ പോകുന്നത് അനുകൂലിച്ചും വിമർശിച്ചും നിരവധി അഭിപ്രായങ്ങളാണ് നിലവിലുള്ളത്.
ഇന്ത്യ മുഴുവൻ ഒരു വൈഡ് റിലീസ് ഉണ്ടാകാത്തതിനാൽത്തന്നെ പലർക്കും ദി ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രത്തെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരിക്കാം. ഈ ചിത്രം എന്താണെന്നും മറ്റ് വമ്പന്മാരെ പിൻതള്ളി ഓസ്കാർ വേദിയുടെ പടിവാതിൽ വരെ വന്ന് നിന്ന ഈ ചിത്രത്തിന്‍റെ പ്രമേയം എന്തിനെക്കുറിച്ചാണെന്നും നമുക്ക് നോക്കാം.
ALSO READ: Solomante Theneechakal Song: "ആനന്ദമോ"; സോളമന്റെ തേനീച്ചകളിലെ റൊമാന്റിക് ഗാനം പുറത്തുവിട്ടു
പാൻ നളിന്‍റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രമാണ് ദി ലാസ്റ്റ് ഫിലിം ഷോ. സമയ് എന്ന ഒൻപത് വയസുകാരനായ ബാലനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവുള്ള ചലാല എന്ന ഗുജറാത്തി ഗ്രാമത്തിലാണ് സമയ്യും അവന്‍റെ കുടുംബവും താമസിക്കുന്നത്.
അവന്‍റെ അച്ഛൻ റെയിൽവേ സ്റ്റേഷനിലെ ഒരു ചായ വിൽപ്പനക്കാരനാണ്.അമ്മ ഒരു ഗൃഹനാഥയും. ഒരു ദിവസം സമയുടെ അച്ഛൻ അവനെ കുടുംബത്തോടൊപ്പം ഒരു സിനിമ കാണിക്കാൻ കൊണ്ട് പോകുന്നു. ഒൻപത് വയസുള്ള ആ പയ്യന്‍ തന്‍റെ ജീവിതത്തിൽ കാണാൻ പോകുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. എന്നാൽ സമയ് കാണാൻ പോകുന്ന ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും ഇതെന്ന് പറഞ്ഞാണ് സമയിയുടെ അച്ഛൻ അവനെ ഈ ചിത്രത്തിന് കൊണ്ട് പോകുന്നത്.
ALSO READ: Sreenath Bhasi: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ
ഒരു ബ്രാഹ്മിൺ കുടുംബത്തിലെ അംഗങ്ങളായതിനാൽത്തന്നെ സിനിമകൾ കാണുന്നത് ഒരു മോശം കാര്യമായാണ് അയാൾ ചിന്തിച്ചിരുന്നത്. ഒരു ഭക്തി ചിത്രമായതിനാൽ മാത്രമാണ് അയാൾ കുടുംബത്തിനോടൊപ്പം ഈ സിനിമ കാണാൻ പോകാൻ തീരുമാനിച്ചത് തന്നെ. എന്നാൽ അതുവരെ തന്‍റെ കുഞ്ഞ് ഗ്രാമത്തിൽ അച്ഛനെ ചായ വിൽപ്പനക്ക് സഹായിച്ചും കൂട്ടുകാർക്കൊപ്പം കളിച്ചും നടന്നിരുന്ന സമയ് എന്ന ബാലനെ സിനിമ എന്ന ആ അനുഭവം വിസ്മയിപ്പിച്ചു.
സിനിമയുടെ കഥയെക്കാളും അവനെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചത് പ്രകാശം ചിത്രങ്ങളായി വെള്ളിത്തിരയിൽ പതിക്കുന്ന സിനിമ എന്ന വിസ്മയ കലാരൂപത്തിന്‍റെ ജനനം ആയിരുന്നു. ഭാവിയിൽ ഒരു സിനിമ ഉണ്ടാക്കണമെന്ന് ആ യാത്രയിൽത്തന്നെ സമയ് ഉറപ്പിച്ചിരുന്നു. എന്നാൽ അത് പറഞ്ഞപ്പോൾ അച്ഛന്‍റെ വകയായി കിട്ടിയത് നല്ല ശകാരമായിരുന്നു.
പിന്നീട് സമയ് തന്‍റെ കൂട്ടുകാരോടും സിനിമ എന്ന അത്ഭുതത്തെക്കുറിച്ച് പറഞ്ഞു. എങ്ങനെയും ഇനിയും സിനിമകൾ കാണണം എന്ന ആവേശം കാരണം അവൻ ആരും അറിയാതെ സ്കൂൾ കട്ട് ചെയ്ത് സിനിമയ്ക്ക് പോകാൻ തുടങ്ങി. ഇത്തരത്തിൽ ഒരു കടുത്ത സിനിമാ പ്രേമിയായി മാറുന്ന സമയ് എന്ന ബാലന്‍റെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ദി ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രത്തിന്‍റെ പ്രമേയം.
ലീനിയർ പാറ്റേണിൽ കഥ പറഞ്ഞ് പോകുന്ന ഒരു നല്ല ഫീൽ ഗുഡ് ചിത്രമാണ് ദി ലാസ്റ്റ് ഫിലിം ഷോ. സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്, പ്രത്യേകിച്ച് തീയറ്ററിൽ ചെന്ന് സിനിമകൾ കാണാൻ ഇഷ്ടമുള്ളവർക്ക് ഈ ചിത്രം വളരെ നല്ല അനുഭവമാകും സമ്മാനിക്കുക. ഭാവിൻ റബാറി എന്ന ബാലതാരമാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
റിച്ചാ മീന, രാഹുൽ കോലി, ദിപെൻ റാവൽ, ഭവേഷ് ശ്രിമാലി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒക്ടോബർ 14 നാണ് ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നിങ്ങൾ ദി ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം കണ്ടവരാണെങ്കിൽ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ആർ.ആർ.ആർ, കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങൾക്ക് പകരം ഈ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ സബ്മിഷനായി തെരഞ്ഞെടുത്തതിലുള്ള നിങ്ങളുടെ അഭിപ്രായങ്ങളും മറക്കാതെ അറിയിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...