Adipurush Movie : "യുദ്ധത്തിന് പുറപ്പെട്ട രാമൻ"; ആദിപുരുഷിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

Adipurush Poster : ചിത്രം  2023 ജനവരി 12 ന് പ്രദർശനത്തിനെത്തും.  ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2022, 04:24 PM IST
  • ചിത്രത്തിൽ യുദ്ധത്തിന് പുറപ്പെട്ട് നിൽക്കുന്ന രാമന്റെ ചിത്രമാണ് ഉള്ളത്.
  • ചിത്രം 2023 ജനവരി 12 ന് പ്രദർശനത്തിനെത്തും.
  • ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്.
  • ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.
Adipurush Movie :  "യുദ്ധത്തിന് പുറപ്പെട്ട രാമൻ"; ആദിപുരുഷിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രഭാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ യുദ്ധത്തിന് പുറപ്പെട്ട് നിൽക്കുന്ന രാമന്റെ ചിത്രമാണ് ഉള്ളത്. ചിത്രം  2023 ജനവരി 12 ന് പ്രദർശനത്തിനെത്തും.  ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒന്ന് കൂടിയാണ് ആദിപുരുഷ്.  ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്.

കൃതി സനോൺ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.   ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.  കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കും. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ.

ALSO READ: Happy Birthday Prabhas: ആദിപുരുഷ് മുതൽ സലാർ വരെ; പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ

അതേസമയം ചിത്രത്തിൻറെ ടീസർ ഒക്ടോബർ ആദ്യം പുറത്തുവിട്ടിരുന്നു. രാമായണത്തിന്‍റെ ചലച്ചിത്ര രൂപമായ ആദിപുരുഷ് ടീസർ പുറത്തിറങ്ങിയതിന് ശേഷം കേരളത്തിലെ ട്രോൾ ഗ്രൂപ്പുകളിൽ ചിത്രത്തിന്‍റെ വിഎഫ്എക്സിനെ കളിയാക്കിയുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞിരുന്നു.  ടീസറിലെ വിഎഫ്എക്സിനെ പലരും കാർട്ടൂണുകളോടായിരുന്നു ഉപമിച്ചത്. ടീസർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ വൈ.ആർ.എഫിന്‍റെ യൂട്യൂബ് കമന്‍റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. വൈകാതെ ടീസറിനെക്കുറിച്ചുള്ള ട്രോളുകൾ മലയാളം ട്രോൾ ഗ്രൂപ്പുകളിലും പേജുകളിലും പ്രത്യക്ഷപ്പെട്ടു.  ആദിപുരുഷിന്‍റെ ടീസർ പുറത്തിറങ്ങിയപ്പോൾ പലരും ഓർത്തെടുത്തത് വിനയന്‍റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ അതിശയൻ എന്ന ചിത്രമായിരുന്നു. 500 കോടി ബജറ്റിൽ പുറത്തിറങ്ങുന്ന ആദിപുരുഷ് മാസ് ആണെങ്കിൽ വെറും 5 കോടി ബജറ്റിൽ പുറത്തിറങ്ങിയ അതിശയൻ മരണ മാസ് ആണെന്നായിരുന്നു ട്രോളന്മാരുടെ അഭിപ്രായം.

കൂടാതെ ആദിപുരുഷിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ രാമനെയും ഹനുമാനെയും തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കൊണ്ടാണ് രാമക്ഷേത്രത്തിലെ മേൽശാന്തി സത്യേന്ദ്ര ദാസ് രംഗത്തെത്തി. ചിത്രം ബാൻ ചെയ്യണമെന്നാണ് സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടത്. ചിത്രത്തിൻറെ ടീസറിൽ രാവണനെ ചിത്രീകരിച്ചിരിക്കുന്നതും വളരെ തെറ്റായ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.രാമായണത്തിലെ കഥാപാത്രങ്ങളെ ടീസറിൽ തെറ്റായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് മാറ്റാൻ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിന്‍റെ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പറഞ്ഞിരുന്നു. പ്രധാനമായും ടീസറിലെ ഹനുമാന്‍റെ വേഷത്തിനെയാണ് നരോത്തം മിശ്ര വിമർശിച്ചത്. ടീസറിൽ ഹനുമാന്‍റെ കഥാപാത്രം ഒരു തുകൽ വസ്ത്രം ധരിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അത് രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന ഹനുമാന്‍റെ രൂപത്തിനോട് യോജിക്കുന്നതല്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടീസറിനെതിരെ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമായ മാളവിക അവിനാഷും രംഗത്ത് വന്നിരുന്നു. ആദിപുരുഷിന്‍റെ അണിയറ പ്രവർത്തകർ രാമായണത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നു എന്നാണ് അവർ പറഞ്ഞത്. ഇതിന് ഉദാഹരണമായി എടുത്ത് കാണിച്ചത് ചിത്രത്തിലെ രാവണന്‍റെ രൂപമായിരുന്നു. സെയ്ഫ് അലി ഖാൻ അവതരിപ്പിച്ചിരിക്കുന്ന രാവണന്‍റെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും ഒരു വിദേശിയുടേതിന് സമാനമാണെന്നായിരുന്നു മാളവിക അവിനാഷ് പറഞ്ഞത്. സെയ്ഫിന്‍റെ കഥാപാത്രത്തിന്‍റെ നീല കണ്ണുകളും മേക്കപ്പും രാവണനോട് ഒട്ടും തന്നെ യോജിക്കാത്തതാണെന്നും അവർ വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News