2018ൽ മലായിളകൾ നേരിട്ട മഹാപ്രളയത്തെ ദൃശ്യവത്കരിച്ചപ്പോൾ പ്രേക്ഷകർ അതിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ പ്രേക്ഷകർ പോലും ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രം തെലുങ്കിൽ റിലീസ് ചെയ്തിരുന്നു. രണ്ട് ദിവസം കൊണ്ട് തെലുങ്കിൽ ചിത്രം നേടിയത് മൂന്ന് കോടിക്കടുത്ത് രൂപയാണ്. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്.
ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിവസം 70 ശതമാനത്തോളം വർധനയാണ് കളക്ഷനിൽ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കളക്ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോർട്ട്. ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിംഗ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല.
അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ജൂഡ് ആന്റണി ഒരുക്കിയ 2018. ചിത്രം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. ലോകമെമ്പാടും ചിത്രം മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ കൊറിയയിൽ ചിത്രം റിലീസ് ചെയ്തു.
"2018 Every One is A Hero" ജൂഡ് ആന്റണി ഒരുക്കിയ ചിത്രത്തിന്റെ മുഴുവൻ പേര്. 2018ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
Also Read: Kerala Crime Files: ഷിജു, പാറയിൽ വീട് നീണ്ടകര, അറിയുമോ? കേരള ക്രൈം ഫയൽസ് സ്ട്രീമിങ് തുടങ്ങുന്നു
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...