Exclusive : ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം DCC; ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സ്വപ്ന പെട്രോണിസ്

സ്വപ്നയെ അവഗണിക്കുന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടെന്നുമാണ് ആക്ഷേപം.

Written by - ടി.പി പ്രശാന്ത് | Last Updated : Mar 24, 2022, 06:44 PM IST
  • മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയാൽ സ്വപ്നയ്ക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടാകാനിടയുള്ള സ്വാധീനമാണ് ഡിസിസി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്.
  • ഫോർട്ട് കൊച്ചി സ്വദേശിയും വരാപ്പുഴയിൽ സ്ഥിരതാമസവുമാക്കിയ സ്വപ്നയെ പാർട്ടി പരിപാടികളിൽ ഒതുക്കി നിർത്തുന്ന ശൈലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
  • യോഗങ്ങളിൽ പങ്കെടുത്ത് സംസാരിച്ചാലും ഡിസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകളിൽ അവരുടെ പേരും ഉൾപ്പെടുത്താറില്ല.
Exclusive : ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം DCC; ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് സ്വപ്ന പെട്രോണിസ്

തിരുവനന്തപുരം: എഐസിസി നേതൃത്വം നിയോഗിച്ച ദേശീയ മെമ്പർഷിപ്പ് കോർഡിനേറ്ററെ അവഗണിച്ച് എറണാകുളം ഡിസിസി. കോൺഗ്രസ് ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ സ്വപ്ന പെട്രോണിസിനെയാണ് എറണാകുളം ഡിസിസി നേതൃത്വം അവഗണിക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയാൽ സ്വപ്നയ്ക്ക് പാർട്ടി പ്രവർത്തകർക്കിടയിൽ ഉണ്ടാകാനിടയുള്ള സ്വാധീനമാണ് ഡിസിസി നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. 

ഫോർട്ട് കൊച്ചി സ്വദേശിയും വരാപ്പുഴയിൽ സ്ഥിരതാമസവുമാക്കിയ സ്വപ്നയെ പാർട്ടി പരിപാടികളിൽ ഒതുക്കി നിർത്തുന്ന ശൈലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.  യോഗങ്ങളിൽ പങ്കെടുത്ത് സംസാരിച്ചാലും ഡിസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകളിൽ അവരുടെ പേരും ഉൾപ്പെടുത്താറില്ല. 

"ട്രെയിനിങ് കൊടുത്ത ഞാൻ മാത്രം പത്ര റിപ്പോർട്ടിൽ നിന്നു മാഞ്ഞു പോയി. എന്ത് മായം അല്ലേ. ഇതു ആദ്യം അല്ല ഇങ്ങനെ നടക്കുന്നത്. പല പ്രാവശ്യം ആയിട്ട് നടക്കുന്ന കാര്യം ആണ്. പണി എടുക്കുന്ന ആളുകൾ പുറത്താണ്" സ്വപ്ന ഡിസിസി നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Congress: എങ്ങുമെത്താതെ പുന:സഘടനയും മെമ്പർഷിപ്പ് വിതരണവും, അംഗത്വ വിതരണത്തിന് ഇറങ്ങാത്തവരെ നിരീക്ഷിക്കുമെന്ന് കെ. സുധാകരന്‍റെ മുന്നറിയിപ്പ്

സ്വപ്നയെ അവഗണിക്കുന്ന ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടെന്നുമാണ് ആക്ഷേപം. അപമാനം സഹിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് സ്വപ്ന പെട്രോണിസ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാർച്ച് 24 ഇന്ന് വ്യാഴാഴ്ച്ച ഉച്ചയോടെ രാജികത്ത് ഡിസിസി പ്രസിഡന്റിന് ഇ-മെയിൽ വഴി കൈമാറി. 

എഐസിസി മെമ്പർഷിപ്പ് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നതിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ കേരളത്തിന്റെ ചുമതല അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം ഏൽപ്പിച്ചത്.  മുൻ ജെ എൻ യു വിദ്യാർഥിയും എഐസിസി വിചാർവിഭാഗ് നാഷണൽ കോഡിനേറ്ററുമായ സ്വപ്ന ഇക്കാര്യങ്ങൾ സംസ്ഥാനത്ത് മികച്ച രീതിയിൽ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയെങ്കിലും എറണാകുളം ഡിസിസി തടസവാദങ്ങൾ ഉന്നയിച്ച്  ഇതിനോട് മുഖം തിരിച്ചു. 

ALSO READ : Congress Crisis : കോൺഗ്രസിന്റെ സ്ഥിതി ദയനീയം; 2024ലെ പ്രതിപക്ഷത്തിന് ആര് നേതൃത്വം നൽകും?

മെമ്പർഷിപ്പ് ചേർക്കുന്നതിന്റെ വിവരങ്ങൾ, രീതികൾ എന്നിവ വിശദീകരിക്കാൻ ചേർന്ന യോഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഡിസിസി നേതൃത്വം തയ്യാറായില്ല. എറണാകുളം ജില്ലയിലുൾപ്പെട്ട കുന്നത്തുനാട്, കളമശേരി, മൂവാറ്റുപുഴ മണ്ഡലങ്ങൾ  സ്വപ്നയുടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളോട് അനുഭാവപൂർവമായ നിലപാട് എടുത്തിട്ടുള്ളത്. എന്നാൽ ഡിസിസി പ്രസിഡന്റിന്റെ സ്വന്തം തട്ടകമായ ആലുവ ഉൾപ്പെടെയുള്ള മറ്റ്  മണ്ഡലങ്ങൾ ഡിസിസി നേതൃത്വത്തിന്റെ ഒപ്പമാണ്. 

അതേസമയം, മെമ്പർഷിപ്പ് ക്യാമ്പയിനോട് കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട,  കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ മികച്ച സഹകരണമാണ് നൽകിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News