HMPV In China: വീണ്ടും മാസ്ക്! ചൈനയിലെ വൈറസ് വ്യാപനത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

HMPV In China​: ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവരോടാണ് കഴിവതും മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2025, 05:15 PM IST
  • ചൈനയിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് ആരോ​ഗ്യമന്ത്രി
  • ആശങ്ക വേണ്ടെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു
HMPV In China: വീണ്ടും മാസ്ക്! ചൈനയിലെ വൈറസ് വ്യാപനത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

ചൈനയിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് അഭികാമ്യമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവരോടാണ് കഴിവതും മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. 

ആ​ഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ​ഗതികൾ സംസ്ഥാനം വിലയിരുത്തുന്നതായും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിൽ ജാഗ്രത പുലർത്തണമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

Read Also: ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

ഫെയ്സ്ബുക്ക് പോസ്റ്റ്

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവക്ക് കാരണം. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും ജാ​ഗ്രത പുല‍‍ർത്തണം.

മേൽപ്പറഞ്ഞവയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി കേരളം ഉൾപ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

നമുക്ക് തന്നെ മുൻപ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ HMPV യെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. കേരളത്തിലും കുട്ടികളിൽ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളിൽ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

എങ്കിലും നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവിൽ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന പക്ഷം അവരെയും പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. എന്നാൽ പ്രവാസികൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും തന്നെ നിലവിൽ ആവശ്യമില്ല.

Read Also: പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ആറ് പേർക്ക് ദാരുണാന്ത്യം

രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാൻ സാധ്യത കൽപിക്കപ്പെടുന്ന വൈറസുകളിൽ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയിൽ ചർച്ചചെയ്യപ്പെടുന്ന തരത്തിൽ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കിൽ, അതിന് കാരണങ്ങളിൽ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങൾ ആണെങ്കിൽ നാം കരുതിയിരിക്കണം.

നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകൾക്കും കോവിഡ് രോഗത്തിനെതിരെ വാക്സിൻ സ്വീകരിച്ചിട്ടുള്ള ആളുകൾക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യത കുറവാണ്. പക്ഷെ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാൽ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. 

ഇനിയും പൂർണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങൾ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങൾ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാൻ നാം തയ്യാറായിരിക്കണം.

മൂന്നാമത്തെത് ഇൻഫ്ലുവൻസ എ എന്ന വിഭാഗത്തിൽപ്പെടുന്ന, പ്രാഥമികമായി ജന്തുക്കളിൽ നിന്നോ പക്ഷികളിൽ നിന്നോ ഉത്ഭവിച്ച് പിന്നീട് മനുഷ്യരിലേക്ക് കടന്നെത്തുന്ന ഇൻഫ്ലുവൻസ വിഭാഗത്തിൽ പെടുന്ന വൈറസ് ബാധകളാണ്. കേരളം ഇന്ന് ഏകാരോഗ്യ സമീപനത്തിലൂടെ നേരിടാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളുടെ ഒരു വിഭാഗമാണ് ഇൻഫ്ലുവൻസ. 

വിവിധങ്ങളായ വൈറസ് ബാധകളിൽ മഹാമാരികളാകാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്നതും ഇൻഫ്ലുൻസ വിഭാഗത്തിൽപ്പെട്ട പനികൾക്കാണ്. ചൈനയിൽ ഇപ്പോൾ പൊട്ടപ്പുറപ്പെട്ടിരിക്കുന്ന രോഗാണുബാധയിൽ ഇൻഫ്ലുവൻസ രോഗത്തിന് എത്രത്തോളം സ്വാധീനം ഉണ്ട്, ഉണ്ടെങ്കിൽ അത് ഏതുതരം ഇൻഫ്ലുവൻസ ആണ് തുടങ്ങിയ കാര്യങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. 

Read Also: 'ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയാറായില്ല'; വിമർശിച്ച് നടി ഗായത്രി വർഷ

എങ്കിലും H1N1 പോലെ നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇൻഫ്ലുൻസ വൈറസിൽ  അപകട സ്വഭാവമുള്ള പുത്തൻ ജനിതക വ്യതിയാനങ്ങളോ പുത്തൻ ഇൻഫ്ലുവൻസ വൈറസ് തന്നെയോ കടന്നുവന്നതായി നിലവിൽ റിപ്പോർട്ടുകളില്ല. എങ്കിലും ഇൻഫ്ലുവൻസാ രോഗങ്ങളുടെ നിരീക്ഷണ സംവിധാനവും നാം ശാക്തീകരിക്കുകയാണ്. 

ഇൻഫ്ലുൻസ രോഗവ്യാപനത്തെപ്പറ്റിയുള്ള നമ്മുടെ പ്രധാന ഉത്കണ്ഠ, അത് ഗർഭിണികൾക്ക് അപൂർവ്വമായെങ്കിലും അപകടം വരുത്താം എന്നതാണ്. അതിനാൽ ഗർഭിണികളായ സ്ത്രീകൾ മാസ്കുകൾ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കുകയും വേണം.

ചൈനയിൽ നിന്നും പുത്തൻ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒന്ന് രണ്ട് കാര്യങ്ങൾ നാം പരിഗണിക്കേണ്ടത്തുണ്ട്. ചൈനയിലുണ്ടാകുന്ന രോഗാണു ബാധകളെ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതുകൊണ്ടും അതിന് കൂടുതൽ വാർത്താപ്രാധാന്യം ഉള്ളതുകൊണ്ടും വാർത്തകൾ പർവതീകരിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. 

2000 ആണ്ടിൽ ഉണ്ടായ സാർസിന് ശേഷവും 2019ൽ ഉണ്ടായ കോവിഡ് 19 മഹാമാരിക്ക് ശേഷവും ചൈനയുടെ രോഗനിരീക്ഷണ സംവിധാനം വളരെ ശക്തമായി എന്നതിനാൽ സത്യത്തിൽ ഉണ്ടാകുന്ന അണുബാധകളുടെ സിംഹഭാഗവും ചൈന കണ്ടെത്തുന്നു എന്നതാണ്  എന്നുള്ളതാണ് രണ്ടാമത്തെ വസ്തുത. ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ കാലം ലോക്ക്ഡൗൺ അനുഭവിച്ച ഒരു രാജ്യമാണ് ചൈന എന്നതുകൊണ്ട് തന്നെ ഇപ്പോഴും കോവിഡ് 19 സമൂഹത്തിൽ പൂർണ്ണമായും വ്യാപിച്ചിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തൽ. 

നീണ്ടുനിൽക്കുന്ന ലോക്‌ഡോണുകൾ കോവിഡിന്റെ മാത്രമല്ല, ഇൻഫ്ലുൻസ, HMPV എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങളുടെയും വ്യാപനം താൽക്കാലികമായി കുറയ്ക്കുകയും ലോക്ക് ഡൌൺ പിൻവലിക്കുമ്പോൾ പ്രസ്തുത അണുബാധകൾ തിരിച്ചുവരികയും ചെയ്യുന്ന അവസ്ഥയുണ്ടാക്കും. 

അതുകൊണ്ടുതന്നെ ഇപ്പോൾ ബാധിച്ചു കൊണ്ടിരിക്കുന്ന വൈറസ് അണുബാധകൾ ചൈനക്ക് പുറത്ത് വളരെയധികം ഭീഷണി ഉയർത്താൻ സാധ്യതയില്ല എന്നും ഒരു വിലയിരുത്തലുണ്ട്. എങ്കിലും നാം ജാഗ്രത കൈവെടിയാൻ പാടില്ല.
ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News