Congress Crisis: കോൺഗ്രസ് ദുർബലമാണ്...പക്ഷെ പിളരില്ല, തരൂരും ചെന്നിത്തലയും വരുന്നു

ദുർബലാവസ്ഥയിൽ എത്തിയ കോൺഗ്രസിന് ഒരു പിളർപ്പിനെ അതിജീവിക്കുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുന്നതിനൊപ്പം പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയേറെയാണ്.   

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Mar 17, 2022, 01:32 PM IST
  • ശശി തരൂരിനെ പാർലമെന്ററി പാർട്ടി നേതാവാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട് എന്നാണ് സൂചനകൾ
  • രമേശ് ചെന്നിത്തലയും ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നേക്കും
  • ജി23 നേതാക്കൾ കോൺഗ്രസിനെ പിളർത്തിക്കൊണ്ടുള്ള ഒരു നീക്കത്തിന് തയ്യാറല്ല
Congress Crisis: കോൺഗ്രസ് ദുർബലമാണ്...പക്ഷെ പിളരില്ല, തരൂരും ചെന്നിത്തലയും വരുന്നു

തിരുവനന്തപുരം: സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയത്തെത്തുടർന്ന്  അസ്തിത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കോൺഗ്രസിൽ മാറ്റത്തിനായി മുറവിളി ശക്തമാക്കി ജി - 23 നേതാക്കൾ. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ സമാന ചിന്താഗതിക്കാരായ മറ്റ് പാർട്ടികളുമായി ഒരു വേദി സൃഷ്ടിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ജി-23 നേതാക്കൾ കോൺഗ്രസിനെ പിളർത്താൻ  ലക്ഷ്യമിടുന്നില്ല.   ദുർബലാവസ്ഥയിൽ എത്തിയ കോൺഗ്രസിന് ഒരു പിളർപ്പിനെ അതിജീവിക്കുക അസാധ്യമാണെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കുന്നതിനൊപ്പം പാർട്ടിയുടെ പാർലമെന്ററി നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കാനും സാധ്യതയേറെയാണ്. 

ഭൂപീന്ദർ സിംഗ് ഹൂഡ, രാജ് ബബ്ബർ, ശങ്കർ സിംഗ് വഗേല, മണിശങ്കർ അയ്യർ എന്നിവരും ജി -23 യോഗത്തിനെത്തിയെന്നതും ശ്രദ്ധേയമാണ്. ഇനിയും  കൂടുതൽ നേതാക്കൾ ജി - 23 യുടെ ഭാഗമാകുമെന്നാണ് സൂചന. ഇതുവരെ ഈ വിഷയത്തിൽ വേലിയേറ്റക്കാരനായി തുടർന്ന ശശി തരൂരും  ഒരു പക്ഷത്ത് ഉറച്ച് നിൽക്കാൻ തീരുമാനിച്ചുവെന്ന് സൂചന നൽകി ട്വീറ്റ് ചെയ്തു. “എന്റെ തെറ്റുകളിൽ നിന്ന് ഞാൻ വളരെയധികം പഠിച്ചു, കുറച്ച് കൂടി തെറ്റ് ചെയ്യാൻ ഞാൻ ആലോചിക്കുന്നു,” ഇതായിരുന്നു തരൂരിന്റെ നിഗൂഢമായ ട്വീറ്റ് . 

 

പ്രതിപക്ഷ നിരയിൽ പാർട്ടിയുടെ മന്ദഗതിയിലുള്ള ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ജി -23 നേതാക്കൾ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. എല്ലാ തലങ്ങളിലും കൂട്ടായതും ഉൾക്കൊള്ളുന്നതുമായ നേതൃത്വത്തിന്റെയും തീരുമാനങ്ങൾ എടുക്കുന്നതിന്റെയും മാതൃക കോൺഗ്രസ് സ്വീകരിക്കുക എന്നതാണ് മുന്നിലുള്ള ഏക പോംവഴി. സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പരാജയ കാരണങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ പാർട്ടി പാനലിൽ പരാജയത്തിന് ഉത്തരവാദികളായ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിയായ കെസി വേണുഗോപാലിനെ നേതൃസ്ഥാനത്ത് നീക്കം ചെയ്യണമെന്നതാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ പ്രധാന ആവശ്യം. 

അത്തരത്തിൽ നേതൃത്വം ഒരു പുന:സംഘടനയ്ക്ക് തയ്യാറായാൽ തരൂരിന് പിന്നാലെ ഗാന്ധികുടംബത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള രമേശ് ചെന്നിത്തലയ്ക്കും നിർണായകമായ റോളുകൾ അഖിലേന്ത്യാ തലത്തിൽ ലഭിച്ചേക്കും. ഇരുനേതാക്കളുടെയും ബന്ധങ്ങൾ അത്രത്തോളം വിശാലമാണ്. അതേസമയം, ശശി തരൂരിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസിന്റെ കേരളാ ഘടകത്തിൽ ഉള്ളത്. സിൽവർ ലൈൻ പദ്ധതിയുൾപ്പെടെ  നിർണായകമായ  പല വിഷയങ്ങളിലും തരൂർ പാർട്ടിക്കൊപ്പം നിൽക്കാറില്ലെന്നാണ് പ്രധാന ആക്ഷേപം. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരിൽ ബഹുഭൂരിപക്ഷവും തരൂരിനതിരാണ്. അതും തരൂരിന് വിനയായി മാറിയേക്കാം. 

2024ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള നേതാവിന് നിർണായകമായ റോൾ വഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എൻഎസ് യു- യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃനിരയിലുണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ ഉൾപ്പെട്ടിരുന്ന അശോക് ചവാൻ, മുകുൾ വാസ്നിക്, ഡി കെ ശിവകുമാർ എന്നിങ്ങനെയുള്ള നേതാക്കളുമായുള്ള ഉറ്റബന്ധവും മുതിർന്ന നേതാക്കളുമായുള്ള സ്നേഹ സൗൃദവും കോൺഗ്രസിന് ഗുണകരമായി ഉപയോഗിക്കാനാകും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി  മമതാ ബാനർജി സംസ്ഥാനത്തെ യൂത്ത് അധ്യക്ഷയായിരിക്കെ, ദേശീയ അധ്യക്ഷനായിരുന്നു ചെന്നിത്തല. അടുത്ത പൊതുതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്പോൾ, കോൺഗ്രസിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുക ചെന്നിത്തലയുടെ ഇത്തരം ബന്ധങ്ങളായിരിക്കും. 

Trending News