കോൺഗ്രസിനെ മാറ്റി നിർത്തി നടത്തുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന പ്രഖ്യാപനവുമായി മുസ്ലീം ലീഗ്. കോൺഗ്രസിന്റെ പ്രധാനഘടകക്ഷിയാണ് മുസ്ലിം ലീഗ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാം.’’– സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കൂടാതെ എല്ലാ മതസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് ഏക സിവിൽ കോഡ് വിഷയത്തെക്കുറിച്ച് പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് മറ്റൊരു സെമിനാർ സംഘടിപ്പിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. "ഇതൊരു ദേശീയ വിഷയമാണ്. ഭിന്നിപ്പിക്കാനുള്ള സെമിനാറായി ഇതിനെ മാറ്റരുത്. ഈ കാര്യത്തിൽ പാർലമെന്റിൽ എന്തു നടക്കും എന്നതാണ് പ്രധാനം. കോൺഗ്രസുമായി ചേർന്നാണ് ബില്ലിനെ എതിർത്ത് തോൽപ്പിക്കേണ്ടത്. ഇവിടെ സെമിനാർ നടത്തി ഭിന്നിപ്പിക്കുന്നത് ബിജെപിയെ സഹായിക്കും.’’– കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സിപിഎം സെമിനാറിൽ സമസ്ത സ്വീകരിച്ച നിലപാടും മുസ്ലീം ലീഗ് യോഗത്തിൽ ചർച്ച ചെയ്തു. ജൂലൈ 15നാണു സിപിഎം സെമിനാർ ആരംഭിക്കുക. കോഴിക്കോട്ടാണ് ആദ്യ സെമിനാർ. സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ച് ദുരുദ്ദേശ്യപരമെന്ന് ഒരുവിഭാഗമെന്നാണ് ആരോപിച്ചത്. ലീഗിനുള്ള സിപിഎം ക്ഷണത്തിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വോട്ടിൽ കണ്ണുവച്ചാണു സിപിഎം ക്ഷണമെന്നാണു കോൺഗ്രസ് വാദം.
ALSO READ: മണിപ്പൂർ വിഷയം; കേരളത്തിലെ ക്രൈസ്തവ സഭകൾ അനുനയിപ്പിക്കാൻ ബിജെപി
അതേസമയം, ഏക സിവില്‍ കോഡിനെതിരെ സിപിഎമ്മുമായി സഹകരിക്കുമെന്നു വ്യക്തമാക്കി സമസ്ത രംഗത്തെത്തി. സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ സി.പി.എമ്മുമായി സഹകരിച്ചതു പോലെ തന്നെ ഈ വിഷയത്തിലും ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. ഏക സിവിൽകോഡ് എന്നത് മുസ്ലീം വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരു കര്യമല്ല. ഇപ്പോഴും സിവില്‍ കോഡ് എന്താണെന്ന് വ്യക്തമല്ല, കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളിലും സമസ്ത സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ സമസ്ത നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നേരിൽ കാണുകയും നിവേധനംനൽകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച സമസ്തയുടെ പ്രത്യേക കണ്‍വെന്‍ഷനിലാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാന്‍ പാടില്ല. ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം ഏത് നിയമവും. ഓരോ മതങ്ങള്‍ക്കും വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...