തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് മെയ് നാലിന് കൊടിയേറും. കോവിഡ് നിയന്ത്രണങ്ങളൊന്നും ഇല്ലാതെ ഇത്തവണ തൃശൂർ പൂരം പ്രൗഡിയോടെ നടത്തും. കോവിഡ് മുമ്പ് നടത്തിയത് പോലെ ഗംഭീരമായ തന്നെ ഇത്തവണത്തെ പൂരം ആഘോഷിക്കാൻ ജില്ലാ മോണിറ്ററങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മാസ്ക്, സാനിറ്റൈസർ പോലുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. മെയ് 10നാണ് പൂരം അരങ്ങേറുന്നത്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുന്നത്. പകൽ 9മണിക്കും 10.30നും ഇടയിലാണ് കൊടിയേറ്റം. ഇതിന് ശേഷമാണ് തിരുവമ്പാടിയിൽ കൊടിയേറ്റ്. 10.30നും 10.55നും ഇടയിലാണ് തിരുവമ്പാടിയിലെ കൊടിയേറ്റം. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠൻ ആലിലും ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. നടുവിലാലിലെയും നായ്ക്കനാലിലെയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിക്കൂറ ഉയർത്തും. പൂരത്തിൽ പങ്കെടുക്കുന്ന എട്ട് ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും. എട്ടിനാണ് സാംപിൾ വെടിക്കെട്ട്. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് മെയ് 9നാണ്.
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാ പ്രൗഡിയോടെയും പൂരം നടത്താനാണ് തീരുമാനം. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കുന്നത്. പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ വെടിക്കെട്ടും മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്താനും അനുമതി ഉണ്ട്.